
പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്തി വിവരങ്ങൾ തേടി പൊലീസ് രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു.
കേസിൽ ഇന്നലെ ഒരാളെ കൂടി പ്രതി ചേർത്തിരുന്നു. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയെ പ്രതി ചേർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഒളിവിൽ കഴിയുന്ന റാണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയിൽ ഫിനാൻസിന്റെ മാനേജിങ്ങ് പാർട്ണറാണ്. ഈ സാഹചര്യത്തിലാണ് റാണിയും കേസിൽ പ്രതി ചേർക്കപ്പെട്ടത്. തറയിൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് ഇതരസ്ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്ഥാപനത്തിന്റെ ശാഖകൾ പൂട്ടിയ ശേഷം ഒളിവിൽ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ പറ്റി സൂചനകളൊന്നുമില്ല. ഓമല്ലൂരിലെ വീട്ടിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നുമാണ് സജി നൽകിയ മൊഴി. പൊലീസിന് ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അഭിഭാഷകന്റെ സഹായത്തോടെ റാണിയും കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അതേസമയം സജിയുടെയും റാണിയുടെയും ആകെ ആസ്തി മൂല്യം മൂന്ന് കോടി രൂപ മാത്രമാണെന്നാണ് പൊലീസ് കണക്ക്. സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്ന ഓമല്ലൂരിലെ കെട്ടിടം സജിയുടെ സഹോദരങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. മറ്റ് മൂന്ന് ശാഖകൾ വാടക കെട്ടിടത്തിലാണ്. നിക്ഷേകരിൽ നിന്നായി സമാഹരിച്ച പണം ആഡംബര ജീവിതത്തിന് ചെലവിട്ടെന്നും സൂചനയുണ്ട്. ബിഎംഡബ്ലു അടക്കം നാല് വാഹനങ്ങളാണ് സജിയുടെ പേരിലുണ്ടായിരുന്നത്. പോളണ്ടിൽ മകളെ എംബിബിഎസ് പഠനത്തിന് ചേർത്തതും ലക്ഷങ്ങൾ മുടക്കിയാണ്. റാണിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ പണം വകമാറ്റിയതിലടക്കം കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച റിമാന്റ് ചെയ്ത സജി സാമിനെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ് സജി സാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam