
കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ഐശ്വര്യയാത്രയ്ക്ക് കേസെടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമാണ്. കൊവിഡ് പ്രോട്ടോക്കോൾ ഒരു പാർട്ടിക്ക് മാത്രമല്ല ബാധകമെന്നും താരീഖ് അൻവർ പറഞ്ഞത്.
ഐശ്വര്യയാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതു ഭരണമാറ്റം വേണം എന്നതിൻ്റെ സൂചനയാണ്. ഇത്തവണ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുക്കും എന്നാണ് വിശ്വസിക്കുന്നത്. വിവിധ തലത്തിലുള്ള ആളുകളുമായി ചർച്ച ചെയ്താവും മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കുക. സീറ്റ് വിഭജനത്തിൽ യുവാക്കൾ അടക്കം എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകും. വിജയ സാധ്യതയായിരിക്കും സ്‌ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പ്രധാന മാനദണ്ഡം.
എത്രയും വേഗത്തിൽ സ്‌ഥാനാർഥി നിർണയം പൂർത്തിയാക്കും. ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ സ്‌ഥാനാർഥികളെ നിശ്ചയിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച ശേഷം ആയിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ദേശീയ നേതൃത്വം ശക്തമായ ഇടപെടൽ നടത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകും എന്നത് ബിജെപി യുടെ സ്വപ്നം മാത്രമാണ്. കെ വി തോമസ് മുതിർന്ന നേതാവാണ്
അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ കെവി തോമസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ തീരുമാനത്തിൽ അദ്ദേഹം സന്തോഷവാനുമാണ്.
എൻസിപി യുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ഒന്നാണ്. അവർ യുഡിഎഫിലേക്ക് വരും എന്നാണ് പ്രതീക്ഷ. കോവിഡ് പ്രോട്ടോകോൾ ഒരു പാർട്ടിക്ക് മാത്രല്ല ബാധകം. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് തുടക്കം മുതൽ വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും താരീഖ് അൻവർ പറഞ്ഞു. എറണാകുളം ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam