
ആലപ്പുഴ: റാബീസ് വാക്സിനെടുത്ത 14 കാരൻ്റെ ശരീരം തളർന്നു. പൂച്ച മാന്തിയതിന് വാക്സിനെടുത്തതിനെ തുടര്‍ന്നാണ് 14 കാരനായ കാര്‍ത്തികിന്‍റെ ശരീരം തളര്‍ന്നതെന്ന് കുടുംബത്തിന്‍റെ ആരോപണം. ചേര്‍ത്തല താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ വാക്സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയായിട്ടും കുട്ടിയുടെ പേടിയെന്ന് പറഞ്ഞ് അധികൃതര്‍ നിസ്സാരവല‍്‍ക്കരിച്ചു. കുട്ടിക്ക് നൽകിയത് ഓആർഎസും തലചുറ്റലിനുള്ള മരുന്നും മാത്രമെന്ന് ബന്ധുക്കൾ. മൂന്നാമത്തെ വാക്സിന്‍ എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. പ്രതികരിക്കേണ്ടത് ആരോഗ്യവകുപ്പെന്ന് ആശുപത്രി സൂപ്രണ്ട്. കുടുംബം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നും മറുപടി.
'എല്ലാക്കാര്യത്തിലും സഹായം വേണം. വസ്ത്രം ധരിക്കുന്ന കാര്യത്തിലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലും എല്ലാം. കൈക്കും കാലിനും ബലക്കുറവുണ്ട്.' കാർത്തിക്കിന്റെ അമ്മ പറയുന്നു. ഒന്നരമാസം മുമ്പ് വരെ ഓടിച്ചാടി കളിച്ചിരുന്ന പത്താം ക്ലാസുകാരനായിരുന്നു കാർത്തിക്. ഇപ്പോൾ ജീവിതം കിടക്കയിൽ തന്നെ. തുടക്കം കഴിഞ്ഞ ഫെബ്രുവരി 19 ന്. രാത്രി വീട്ടുമുററത്ത് വെച്ച് കാർത്തികിന്റെ ഇടതു കയ്യിൽ പൂച്ച മാന്തി. അപ്പോൾ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തി ടിടിയെടുത്തു. പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി ആദ്യ ഡോസ് റേബീസ് വാക്സിനും ഒരു കുഴപ്പവുമുണ്ടായില്ല. പിന്നീടുള്ള രണ്ട് ഡോസുകളും ചേർത്തല താലൂക്ക് ആശുപത്രിയിൽ എടുത്താൽ മതി എന്ന് നിർദ്ദേശിച്ചു.
എന്നാൽ 22 ന് രണ്ടാമത്തെ ഡോസ് എടുത്തത് മുതൽ കടുത്ത പനിയും തലകറക്കവുമുണ്ടായി. കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. രോഗലക്ഷണങ്ങൾ കണക്കിലെടുക്കാതെ മൂന്നാമത്തെ വാക്സിനുമെടുത്തതോടെ കണ്ണിന്റെ കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഒപ്പം ശരീരവും തളർന്നു. അപ്പോഴും ഡോക്ടർമാർ നൽകിയത് ഓആർഎസും തലചുറ്റലിനുള്ള മരുന്നും മാത്രം. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് അൽപമെങ്കിലും ഭേദമായത്. കാഴ്ച തിരികെ കിട്ടി. സംസാരിക്കാനും കഴിയുന്നുണ്ട്.
റാബിസ് ഇൻഞ്ചക്ഷൻ മൂലം നാഡീ വ്യൂഹങ്ങളെ തളർത്തുന്ന സെർവിക്കൽ മലൈറ്റിസ് കുട്ടിയെ ബാധിച്ചെന്ന് മെഡിക്കൽ കോളേജിലെ ചികിത്സ രേഖകൾ വ്യക്തമാക്കുന്നു. ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണമാരാഞ്ഞപ്പോൾ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്നാണ് പ്രതികരണം. ബന്ധുക്കൾ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്നും. ഈ വർഷം പത്താം ക്ലാസിൽ പരീക്ഷയെഴുതേണ്ട കുട്ടിയാണ് ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഒപ്പം സാമ്പത്തിക സഹായവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam