കപ്പൽ കൺമുന്നിൽ, വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് സാൻ ഫെർണാണ്ടോ, ചരിത്രനിമിഷം

Published : Jul 11, 2024, 05:54 AM ISTUpdated : Jul 11, 2024, 11:08 AM IST
കപ്പൽ കൺമുന്നിൽ, വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് സാൻ ഫെർണാണ്ടോ, ചരിത്രനിമിഷം

Synopsis

തുറമുഖമന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോയെന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തി. ഒൻപത് മണിക്ക് ബെർത്തിംഗ് നടക്കും. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്. 

നീറ്റിൽ നിർണായകം; പുനഃപരീക്ഷ നടത്തുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന് 

ഒന്നും രണ്ടുമല്ല, പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടക്കുന്നത്. ചരക്ക് കപ്പലെത്തി ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായെന്ന് പറയാം. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണ്ടാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽ നിന്ന് പുറപ്പെട്ടത്.രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. 

ബർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംഗ് ക്ലിയറൻസ്. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയ്നുകളാകും ചരക്ക് ഇറക്കുക.ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും.  കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കും.കപ്പലിൽ നിന്ന് കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.

വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ... മുഖ്യമന്ത്രിയുടെ കുറിപ്പ്

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12 ന് എത്തിച്ചേരുകയാണ്. 2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പു വയ്ക്കുന്നത്. ആ വർഷം ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ കൈകൊണ്ടത്.

പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.

വിഴിഞ്ഞം നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങളുടെ  പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.

ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും. ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർത്ഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂർവ്വം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാം.

 

 


 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും