സ്ഥലംമാറ്റം: കോഴിക്കോട് കളക്ടറേറ്റിന് മുന്നിലെ സമരം അവസാനിച്ചു, കളക്ടര്‍ ഓഫീസിലെത്തിയാല്‍ പ്രതിഷേധിക്കും

Published : Feb 19, 2022, 01:33 PM ISTUpdated : Feb 21, 2022, 12:10 PM IST
സ്ഥലംമാറ്റം: കോഴിക്കോട് കളക്ടറേറ്റിന് മുന്നിലെ സമരം അവസാനിച്ചു, കളക്ടര്‍ ഓഫീസിലെത്തിയാല്‍ പ്രതിഷേധിക്കും

Synopsis

ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിന് എതിരെയായിരുന്നു കോഴിക്കോട് സിവിൽ സ്റ്റേഷന്‍റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്‍ ഉപരോധ സമരം നടത്തിയത്. 

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിന് (Kozhikode Collectorate) മുന്നിലെ ഉപരോധ സമരം അവസാനിപ്പിച്ചു. കളക്ടര്‍ ഓഫീസിലെത്തിയാല്‍ പ്രതിഷേധം  ഉണ്ടാകുമെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിന് എതിരെയായിരുന്നു കോഴിക്കോട് സിവിൽ സ്റ്റേഷന്‍റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്‍ ഉപരോധ സമരം നടത്തിയത്. ആയിരത്തോളം ജീവനക്കാരാണ് പ്രതിഷേധിച്ചത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങിയത്. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ കളക്ടറേറ്റിലെത്താതെ വീഡിയോ കോള്‍ കോണ്‍ഫറന്‍സിംഗ് വഴിയാണ് കളക്ടർ തേജ് ലോഹിത് റെഡ്ഡി ചില യോഗങ്ങളില്‍ പങ്കെടുത്തത്.

ഒമ്പത് ദിവസമായി സമരത്തിലാണെന്നും സംഘടന എന്ന നിലയിൽ നിയമവിരുദ്ധമായി സ്ഥലം മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതാണെന്നും എൻജിഒ യൂണിയൻ നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിയുമായി അടക്കം നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം തീരുമാനിച്ച് 2017-ൽ ഉത്തരവിറക്കിയതാണ്. അത് ലംഘിച്ചാണ് ഇപ്പോൾ 16 റവന്യൂ ഓഫീസർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ഒരു തസ്തികയിൽ മൂന്ന് വർഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച് സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്. 

ഫെബ്രുവരി 11-ന് ഈ കൂട്ടസ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ മണിക്കൂറുകളോളം ജില്ലാ കളക്ടറെ ഉപരോധിച്ചിരുന്നു. എന്നാൽ അന്നും ഉത്തരവ് പിൻവലിക്കാൻ തയ്യാറല്ലെന്നായിരുന്നു കളക്ടറുടെ ഉറച്ച നിലപാട്. എന്നാൽ സ്ഥലം മാറ്റത്തിന് പിന്നിൽ സിപിഐയുടെ നേതൃത്വത്തിലുള്ള സർവീസ് സംഘടനയായ ജോയന്‍റ് കൗൺസിലിന്‍റെ ഇടപെടലാണ് എൻജിഒ യൂണിയനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ചില ഉദ്യോഗസ്ഥർ എൻജിഒ യൂണിയൻ വിട്ട് ജോയന്‍റ് കൗൺസിലിൽ ചേർന്നിരുന്നു. ഇതേത്തുടർന്ന് രണ്ട് സർവീസ് സംഘടനകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. റവന്യൂ വകുപ്പ് സിപിഐയുടെ പക്കലാണ്. അവരുടെ സർവീസ് സംഘടനയായ ജോയന്‍റ് കൗൺസിൽ ഈ സ്ഥലം മാറ്റ ഉത്തരവിൽ യാതൊരു അപാകതയുമില്ലെന്നാണ് പറയുന്നത്. സ്വാഭാവികമായി നടക്കുന്ന, ചട്ടങ്ങൾ പാലിച്ചുള്ള സ്ഥലം മാറ്റമാണ് ഇതെന്നാണ് ജോയന്‍റ് കൗൺസിലിന്‍റെ പക്ഷം. അക്കാര്യം വ്യക്തമാക്കി ജോയന്‍റ് കൗൺസിൽ വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. 

  • പൊന്മുടിയില്‍ കെഎസ്ഇബി ഭൂമിയിലെ പരിശോധന എംഎം മണിയുടെ മരുമകന്‍റെ നേതൃത്വത്തില്‍ തടഞ്ഞു


ഇടുക്കി പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബി പാട്ടത്തിനു നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്കെത്തിയ റവന്യൂ -സർവേ സംഘത്തെ തടഞ്ഞു. രാജാക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുൻ മന്ത്രി എം എം മണിയുടെ മരുമകനുമായ വി എ കുഞ്ഞുമോനാണ് തടഞ്ഞത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് പ്രസിഡൻ്റ് വി എ കുഞ്ഞുമോൻ പറഞ്ഞു. കെഎസ്ഇബിയെ അറിയിച്ചുകൊണ്ട് സർവേയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. 

പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി