'കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി കുത്തി'; ഡോ. വന്ദനാദാസ് കൊലക്കേസ്, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

Published : Aug 01, 2023, 01:44 PM ISTUpdated : Aug 01, 2023, 06:45 PM IST
 'കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി കുത്തി'; ഡോ. വന്ദനാദാസ് കൊലക്കേസ്, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

Synopsis

കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. 

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നടുക്കുന്ന കൊലപാതകത്തിന്റെ 84 ആം നാൾ ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളാണ് പ്രതി ജി. സന്ദീപ്. എന്നാൽ കുറ്റകൃത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാദാസിനെ ആക്രമിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. എം ജോസ് സമർപ്പിച്ച കുറ്റപത്രത്തിൽ സാക്ഷി മൊഴികളും നിർണായകം. 

കൊലപാതകം നേരിൽ കണ്ട ആശുപത്രി ജീവനക്കാർ, രോഗികൾ കൂട്ടിരിപ്പുകാർ, പൊലീസുകാർ ഉൾപ്പടെ 136 സാക്ഷികളുടെ മൊഴികളുണ്ട് കുറ്റപത്രത്തിൽ. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങൾ, സന്ദീപിന്റെ ഷർട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളുമുണ്ട്. പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കൊപ്പം  സന്ദീപിന്റെ ശാരീരിക മാനസിക നില പരിശോധിച്ച വിദഗ്ദധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ടും ഉൾപ്പടെ 200 രേഖകളുമുണ്ട് കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം സ്വീകരിച്ച കൊട്ടാരക്കര കോടതി കേസ് കൊല്ലം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. വിചാരണ തീയതി പിന്നീട് തീരുമാനിക്കും.

കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ്‌ 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്‍റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു.  ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

കഴിഞ്ഞ ദിവസം, പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം തള്ളിയ കോടതി, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം തീരുമാനം. 

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഹൗസ് സർജനായിരുന്നു ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ ബിരുദം നൽകാൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഗവേണിങ്‌ കൗൺസിൽ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

സിബിഐ വരണം, സുതാര്യ അന്വേഷണം ഉറപ്പാക്കണം: ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തി, മാനസിക പ്രശ്നവുമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ