8 വയസുകാരന്‍റെ കൊലപാതകം: 'പ്രതിക്ക് നേരിട്ടെത്താനാവില്ല', ആരോഗ്യപ്രശ്നങ്ങളെന്ന് പ്രതിഭാഗം, ഹാജരാക്കാന്‍ കോടതി

By Web TeamFirst Published Sep 19, 2022, 1:38 PM IST
Highlights

ആരോഗ്യപ്രശ്ങ്ങളുള്ളതിനാല്‍ നേരിട്ട് ഹാജാരാകാനാകില്ലെന്ന് പ്രതിഭാഗം അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

ഇടുക്കി: തൊടുപുഴയിൽ  അമ്മയുടെ കാമുകൻ  എട്ടുവയസുകാരനെ മർദിച്ചുകൊന്ന കേസിൽ പ്രതി അരുൺ ആനന്ദിനെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം. ആരോഗ്യപ്രശ്‍നങ്ങള്‍ ഉള്ളതിനാല്‍ പുജപ്പുരയില്‍ നിന്നും കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍  നടന്നപ്പോഴെല്ലാം പ്രതി അരുണ്‍ ആനന്ദ് ഓണ്‍ലൈനായാണ് ഹാജരായിരുന്നത്. മറ്റോരു കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന് അരുണ്‍ ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ട് ഹാജരാകാന്‍ പ്രതിബന്ധമായി ചൂണ്ടികാട്ടിയിരുന്നത്. ഇത്തവണ പക്ഷെ കോടതി കടുത്ത നിലപാടെടുത്തു. കുറ്റപത്രം ഇന്ന് വായിച്ച് കേള്‍പ്പിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഓണ്‍ലൈനായി വേണ്ടെന്ന് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി അറിയിച്ചു. 

വ്യാഴാഴ്ച്ച നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇത്തവണയും പ്രതിഭാഗം ആരോഗ്യപ്രശ്നങ്ങള്‍  പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ആറ് മാസത്തിനുള്ളിൽ തീര്‍ക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാല്‍ വളരെ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നീക്കം. കേസില്‍ കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇത് കേസില്‍ ഗുണം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനയ്ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. 

2019 മാര്‍ച്ചിലാണ് കേസിന് ആസ്‍പദമായ സംഭവം. എട്ട് വയസുകാരന്‍റെ സഹോദരന്‍ സോഫയില്‍ മുത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ പത്ത് ദിവസത്തോളം പോരാടിയ ശേഷമാണ്  കുട്ടി മരണത്തിന് കീഴടങ്ങിയത്. കേസില്‍  2019 മാർച്ച് 30 - ന് അരുണ്‍ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുൻപും കുട്ടിയെ മർദ്ദിച്ചിരുന്നവെന്ന് കണ്ടെത്തിയിരുന്നു. അരുണ്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പോലീസിനോട് സമ്മതിച്ചു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. 
 

click me!