
തിരുവനന്തപുരം : ഗുരുതരമാകുന്ന തരത്തിൽ കോവിഡിന്‍റെ പുതിയ വക ഭേദങ്ങളെത്താമെന്ന് വൈറോളജി വിദഗ്ദർ. ഇതിനുള്ള സാധ്യതകൾ തള്ളാനാവില്ലെന്ന് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ് കോവിഡ് പ്രത്യാഘാതങ്ങൾ ലോകത്ത് നിരവധി പേരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വാക്സിനുകൾക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും വൈറോളജി ഗവേഷകൻ ഡോ. ആൻഡേഴ്സ് വാൽനെ പറഞ്ഞു.തുടർച്ചയായി വൈറൽ രോഗങ്ങൾ കണ്ടെത്തുന്നത് കേരളത്തിന്‍റെ നേട്ടമാണെന്നാണ് വിദഗ്ദരുടെ പക്ഷം.
ഗുരുതരമാകുന്ന തരത്തിൽ കോവിഡിന്‍റെ പുതിയ വക ഭേദങ്ങളെത്തി കൊവിഡ് വീണ്ടും ശക്തമാകാം. അത് എപ്പോഴും സംഭവിക്കാം. മുൻപ് ഉണ്ടായത് പോലെ മരുന്നോ വാക്സിനോ ഫലപ്രദമാകാത്ത, കൂടുതൽ ഗുരുതരമാകുന്ന വകഭേദം ഉണ്ടാകാം. സാധ്യത വിദൂരമാണ് പക്ഷെ തള്ളാനാവില്ല.
തുടക്കകാലത്ത് നിരവധി മരണങ്ങൾക്ക് കാരണമാക്കിയ കൊവിഡ് പിന്നീട് ഡെൽറ്റയായും, നേരിയതോതിൽ വന്നു മാറുന്ന ഒമിക്രോണായും മാറിയിരിയിരുന്നു. പക്ഷെ എപ്പോൾ വേണമെങ്കിലും മരുന്നുകളെയും വാക്സിനെയും മറികടക്കുന്ന വകഭേദം വരാമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് വന്നു മാറിയാലും തീരാത്ത പോസ്റ്റ് കൊവിഡ്, ലോങ് കൊവിഡ് പ്രതിസന്ധികൾ എന്തൊക്കെയാണെന്നത് ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ. അവിടെയുമുണ്ട് അപകട മുന്നറിയിപ്പ്.
കോവിഡ് ബാധ നേരിയ തോതിലാണെങ്കിൽപ്പോലും ശരീരത്തിന് പുതിയ ആഘാതങ്ങളുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. ധാരാളം ഗവേഷണം വേണം. ലോകത്ത് നിരവധി പേരെ പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ബാധിക്കാൻ പോകുന്നു. പ്രതിരോധം ദീർഘകാലം നിലനിൽക്കാത്തതിനാൽ ജീവിതകാലം മുഴുവൻ വാക്സിനെടുക്കേണ്ടി വന്നേക്കും.
പ്രതിരോധശേഷിയിലെ തകരാർ, പ്രതിരോധം ദുർബലമായ ഭാഗങ്ങളിൽ വൈറസ് ദീർഘകാലം നിലനിൽക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് ലോങ് കോവിഡ്, പോസ്റ്റ് കോവിഡ് പ്രശ്നങ്ങളായി ഇപ്പോൾ അനുമാനിക്കുന്നത്. നിപ്പ, മങ്കിപോക്സ് തുടങ്ങി ആശങ്കയുണ്ടാക്കുന്ന വൈറൽ രോഗങ്ങൾ തുടർച്ചയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മറുപടി ഇങ്ങനെ.
കേരളം തെറ്റൊന്നും ചെയ്യുന്നില്ല. മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ ഈ രോഗങ്ങളെ കണ്ടുപിടിക്കുന്നു എന്നാണർത്ഥം. അത് ശക്തിപ്പെടുത്തിയാൽ മതി. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കാനെത്തിയതായരുന്നു ലോകത്തെ പ്രമുഖ വൈറോളിസ്റ്റുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam