
കോട്ടയം : തെളളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. മരിച്ച യുവതിയുടെ കുടുംബം നടത്തിയ മൂന്നു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടമാണ് തെളളകം മിറ്റേര ആശുപത്രിയിലെ ഡോക്ടര്‍ ജയ്പാല്‍ ജോണ്‍സണ് കുരുക്കായത്.
2020 ഏപ്രില്‍ 24നാണ് ലക്ഷ്മി എന്ന നാല്‍പ്പത്തി രണ്ടുകാരി പ്രസവത്തെ തുടര്‍ന്ന് തെളളകം മിറ്റേര ആശുപത്രിയില്‍ മരിച്ചത്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ആശുപത്രി മാനേജിങ് ഡയറക്ടറും ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ ജയ്പാല്‍ ജോണ്‍സണ്‍ വരുത്തിയ ഗുരുതര പിഴവുകളാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമെന്ന് കാട്ടി കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ലോക്കല്‍ പൊലീസില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഡിഎംഒ ഉള്‍പ്പെടെയുളളവര്‍ കൂട്ടു നിന്നെന്ന ആരോപണവും ഉയര്‍ന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടം ഉറപ്പാക്കി അന്വേഷണം നടത്താന്‍ കുടുംബം നടത്തിയ നിരന്തര നിയമ പോരാട്ടങ്ങളും കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ ഗിരീഷ് പി സാരഥിയുടെയും എം.വി.വര്‍ഗീസിന്‍റെയും കര്‍ശന നിലപാടുകളുമാണ് കൃത്യമായ തെളിവുകളടക്കം കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് എത്തിയത്.
ലക്ഷ്മിയുടെ രക്തസ്രാവം തടയാന്‍ ഡോക്ടര്‍ നടപടികളൊന്നും എടുക്കാതിരുന്നതടക്കം വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് കുറ്റപത്രം. ഐപിസി 304 എ വകുപ്പനുസരിച്ച് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡോക്ടര്‍ ജയ്പാല്‍ ജോണ്‍സനെതിരെ ചുമത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ വീഴ്ച മൂലം രോഗികള്‍ മരിക്കുന്ന കേസുകളില്‍ നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്ക് കുടുംബം തയാറായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്ന് ലക്ഷ്മിയുടെ കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam