8 തവണ അടിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, പൊലീസ് കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ചു; നീതിതേടി യുവാവ്

By Web TeamFirst Published Jan 11, 2022, 11:14 AM IST
Highlights

പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇരുചക്രം വാഹനം പൊലീസ് ജീപ്പിന് വട്ടംവച്ചെന്നാരോപിച്ചാണ് നിതിനെ മർദ്ദിച്ചത്.
 

പത്തനംതിട്ട: പുല്ലാട് പൊലീസ് അതിക്രമത്തിൽ (Police Atrocity) പരിക്കേറ്റ യുവാവിനോട് നീതി നിഷേധം തുടരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് അങ്കമാലി സ്വദേശി നിതിൻ ജോണിയെ കോയിപ്രം പൊലീസ് സ്റ്റേഷനിലെ എസ്ഐ അകാരണമായി മർദ്ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇരുചക്രം വാഹനം പൊലീസ് ജീപ്പിന് വട്ടംവച്ചെന്നാരോപിച്ചാണ് നിതിനെ മർദ്ദിച്ചത്.

എട്ട് തവണ എസ്ഐ നിതിനെ അടിച്ചു. യുവാവിനെ മർദ്ദിക്കുന്നത് നാട്ടുകാർ കണ്ടതോടെ കള്ളക്കേസിൽപെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. നിതിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാരോപിച്ച് കേസെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ നിതിന്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. 

സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തന്നെ നിതിൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം പരാതി നൽകിയതാണ്. പക്ഷെ ആരോപണ വിധേയനായ പൊലീസുകരാനെ സംരക്ഷിക്കുന്നതായിരുന്നു സേനയുടെ നിലാപട്. പുല്ലാട് മൊബൈൽ ഫോൺ സർവ്വീസ് സെന്ററിലെ ടെക്നീഷ്യനാണ് നിതിൻ. പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾക്കും പരാതി നൽകി.

click me!