
തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ള (45) ആണ് അറസ്റ്റിലായത്. റെയിൽവേ വേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് മുരുകേശൻ. ഇന്നലെ രാത്രി പത്ത് മണിയ്ക്കായിരുന്നു അറസ്റ്റ്. ഇയാൾ വീട്ടിലെത്തിയ വിവരം ഭാര്യ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ വളഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസിന് കൈമാറി. ഒന്നര മാസമായി ഒളിവിലായിരുന്നു മുരുകേശൻ. റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ രണ്ടുലക്ഷം രൂപവരെയാണ് ഒരാളിൽ നിന്ന് ഇയാൾ വാങ്ങിയത്. നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അരക്കോടിയോളം രൂപ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍
ദക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ് മുക്കം പൊലീസിന്‍റെ പിടിയില്‍ ആയത്. ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ തട്ടിപ്പിനിരയായവരുടെ പരാതി കൊടുത്ത നാലുപേരും അറസ്റ്റിലായി.
തട്ടിപ്പിന്റെ ഇടനിലക്കാരായ മുക്കത്തിനടുത്ത വല്ലത്തായിപാറ മണ്ണാര്‍ക്കണ്ടി എം.കെ ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ മണ്ഡക പറമ്പില്‍ ബാബു എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഷൊര്‍ണൂര്‍ സ്വദേശിയാണെന്നും അവിടെ റെയില്‍വേയിലാണ് ജോലിയെന്നും പറഞ്ഞാണ് അശ്വതി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ മെയില്‍ ഐഡി ഉണ്ടാക്കിയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയത്.