'കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു', പൊട്ടിക്കരഞ്ഞ് ധീരജിന്‍റെ കുടുംബം

By Web TeamFirst Published Jul 2, 2022, 10:45 AM IST
Highlights

മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്‍റെ അച്ഛന്‍ പറഞ്ഞു. 

കണ്ണൂര്‍: ധീരജിന്‍റെ അവസ്ഥ മറ്റ് എസ്എഫ്ഐ ക്കാർക്ക് ഉണ്ടാക്കരുത് എന്ന് പറഞ്ഞ ഇടുക്കി ഡി സി സി പ്രസിഡന്‍റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്ന് കൊല്ലപ്പെട്ട ധീരജിന്‍റെ കുടുംബം. സഹിക്കാവുന്നതിന്‍റെ അപ്പുറമാണ് കോൺഗ്രസ് നടത്തുന്ന അപവാദ പ്രചാരണമെന്ന് ധീരജിൻ്റെ അച്ഛൻ പറഞ്ഞു. ധീരജിൻ്റെ കുടുംബത്തിനുള്ള സാങ്കേതിക സർവ്വകലാശാലയുടെ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവ് രാജേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ധീരജിന്‍റേത് ഇരന്നു വാങ്ങിയ മരണമെന്ന കെ സുധാകരന്‍റെ പ്രതികരണത്തിന്‍റെ അർത്ഥം അവർ കൊന്നുവെന്നല്ലെയെന്ന് ധീരജിന്‍റെ പിതാവ് ചോദിച്ചു. കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്‍റെ അമ്മ പുഷ്കല വിതുമ്പി. ജനുവരി 10 നായിരുന്നു ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ് വിദ്യാർത്ഥി ധീരജിനെ കോളേജ് വളപ്പിലിട്ട് യൂത്ത് കോൺഗ്രസ്‌ - കെഎസ്‍യു പ്രവർത്തകർ കുത്തിക്കൊന്നത്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് സി പി മാത്യു പറഞ്ഞത്. ഓഫീസ് ആക്രമണത്തിന് എതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് സി പി മാത്യു വിവാദ പരാമർശം നടത്തിയത്. 

'ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ'; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ നിയമനടപടിക്ക് സിപിഎം

പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍  ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം. പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്‍റെ മുരിക്കാശ്ശേരിയിലെ പ്രസ്താവന ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.   ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

click me!