SNDP : വെള്ളാപ്പള്ളിക്ക് ഭീഷണിയാകുമോ? എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി

By Web TeamFirst Published Jan 24, 2022, 1:11 PM IST
Highlights

200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും.

കൊച്ചി: എസ്എൻഡിപി (SNDP) യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി  (High Court)  റദ്ദാക്കി. ഇതോടെ മുഴുവൻ സ്ഥിരാംഗങ്ങൾക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ ഇനി മുതൽ വോട്ടുചെയ്യാം. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. നിലവിൽ ഇരുനൂറ് അംഗങ്ങൾക്ക് ഒരാളെന്ന നിലയ്ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഒരു ശാഖയിൽ 600 പേരുണ്ടെങ്കിൽ മൂന്നു പേർക്ക് വോട്ടവകാശം കിട്ടും. നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള  ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1974 ലെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യ വോട്ടവകാശം നിശ്ചയിച്ചത്. 

നൂറുപേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ 99 ൽ എസ്എൻഡിപി യോഗത്തിന്‍റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാരിന് അവകാശമില്ല എന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 99 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ്എൻഡിപി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേർക്ക് വോട്ടവകാശം ലഭിക്കും. കൊവിഡ് സാഹചര്യം നിലനിൽക്കെ  പുതിയ വോട്ടർപട്ടികയുണ്ടാക്കി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വെളളാപ്പളളി നടേശൻ ഹൈക്കോടതിയെ സമീപിച്ചേക്കും. 

25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും ആയിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. അതേസമയം ബിജു രമേശും വിദ്യാസാഗറും വിധിയെ സ്വാഗതം ചെയ്തു. വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്നായിരുന്നു ബിജു രമേശിന്‍റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നതായി വിദ്യാസാഗര്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ ജനാധിപത്യത്തെ മുച്ചൂടും തകര്‍ത്തെന്നും ഇതിന്‍റെ ഫലമായുണ്ടായ വിധിയാണിതെന്നും വിദ്യാസാഗര്‍ പറഞ്ഞു.

tags
click me!