
കൊച്ചി: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. 8 കുടുംബങ്ങളെ ഒഴിപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സർക്കാർ നീക്കം. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖയൊന്നും ദളിത് കുടുംബങ്ങൾക്ക് ഇല്ലെന്ന് കണ്ടെത്തി സ്വകാര്യ വ്യക്തി കണ്ണാട്ട് ശങ്കരൻ നായരുടെ ഹർജി ഹൈൈക്കോടതി നേരത്തെ അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
വാഴക്കുളം വില്ലേജിലെ മലയിടംതുരുത്തിലാണ് 2 ഏക്കർ 92 സെന്‍റ് ഭൂമിയുൾപ്പെടുന്ന പാരിയത്ത്കാവ് പ്രദേശം. അഞ്ച് പതിറ്റാണ്ടിലേറെയായി കാളുകുറുമ്പനും പിന്നീട് അടുത്ത തലമുറയുമാണ് ഇവിടെ താമസിക്കുന്നത്. നിലവിൽ 7 ദളിത് കുടുംബങ്ങളടക്കം 8 കുടുംബമാണ് ഇവിടെ താമസക്കാർ. 10 സെന്‍റ് ഭൂമി മുതൽ 50 സെന്‍റ് വരെ കൈവശമുണ്ട്. ദീർഘകാലമായി ഭൂമിയിലെ കുടികിടപ്പുകാരാണെങ്കിലും പട്ടയം അടക്കമുള്ള ഉടമസ്ഥാവകാശരേഖ ഇവർക്കില്ല. ഈ ഭൂമി തന്‍റേതാണെന്ന് കാണിച്ച് വാഴക്കുളത്തെ ശങ്കരൻ നായരാണ് 1984ൽ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ കേസ് നടത്തുകയും ഹർജി കോടതി അംഗീകരിക്കുകയും ചെയ്തത്. 1984 ൽ മുൻസിഫ് കോടതി തൊട്ട് കുടുംബങ്ങൾ സുപ്രീം കോടതിവരെ പോയെങ്കിലും എല്ലാ ഉത്തരവും സ്വകാര്യ വ്യക്തിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത്. എന്നാൽ വ്യാജ തണ്ടപ്പേർ അടക്കം ഉണ്ടാക്കിയാണ് ഭൂമി തന്‍റേതാണെന്ന് ശങ്കരൻനായർ തെളിയിച്ചതെന്നും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബങ്ങൾ പറയുന്നത്.
ശങ്കരൻനായരുടെ മരണ ശേഷം മക്കളായ സുഭദ്രയും അംബികയുമാണ് നിലവിലെ ഭൂമിയുടെ ഉടമസ്ഥർ. ഒത്തുതീർപ്പിന്‍റെ ഭാഗമായി നേരത്തെ 40 സെന്‍റ് കുടുംബങ്ങൾക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും അന്ന് സമരം ചെയ്ത നേതാക്കൾ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നുമാണ് കുടുംബത്തിന്‍റെ നിലപാട്. എന്നാൽ, ഇവിടെ ഭൂമി നൽകി ഇനി ഒത്തു തീർപ്പിനില്ലെന്നും കുടുംബം നിലപാടെടുക്കുന്നു. ഉടമസ്ഥാവകാശം തങ്ങളുടെ പേരിലായതിനാൽ കുടികിടപ്പ് അവകാശം പറഞ്ഞ് ഈ ഭൂമി സർക്കാറിന് ഏറ്റെടുത്ത് നൽകാനാകില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. കേസിൽ സർക്കാർ കക്ഷിയല്ലാത്തതിനാൽ ഒഴിപ്പിക്കലിന് സാവകാശം തേടാൻ മാത്രമാകും സർക്കാർ തിങ്കഴാഴ്ച ശ്രമിക്കുക. കോടതിക്ക് പുറത്ത് വീണ്ടും ഒത്തുതീർപ്പ് ഉണ്ടാക്കി പുനരധിവാസം പൂർത്തിയാക്കാനാകുമോ എന്നും സർക്കാർ നോക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈൈക്കോടതി സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam