
കോട്ടയം: പരിക്കേററ നിലയിൽ വഴിയിൽ കണ്ട പൊലീസ് എത്തിച്ച രോഗി കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതി. പതിനേഴാം തീയതി പുലർച്ചെ ശേഷം നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ഇന്ന് ഉച്ച കഴിഞ്ഞ് മാത്രമാണ് പരാതിക്കാരിയായ ഡോക്ടറുടെ മൊഴി എടുക്കാനെത്തിയതെന്നും ആരോപണമുണ്ട്.
വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ബിനു എന്ന ആളെ പതിനേഴാം തീയതി പുലർച്ചെയാണ് ഏറ്റുമാനൂർ പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പൊലീസ് മടങ്ങിയതിനു പിന്നാലെ അക്രമാസക്തനായ ബിനു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്കു നേരെ ഭീഷണിയും അസഭ്യ വർഷവും നടത്തുകയായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചു പോലും ഭീഷണി തുടർന്നെന്നും പരാതിക്കാരിയായ യുവ ഡോക്ടർ പറഞ്ഞു. പിന്നീട് ജീവനക്കാരിലൊരാൾ ഇയാളെ കെട്ടിയിടുകയായിരുന്നു.
അപ്പോൾ തന്നെ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് ഡോക്ടറുടെ മൊഴിയെടുക്കാൻ എത്തിയത് ഒരു ദിവസത്തിനു ശേഷം ഇന്നുച്ചയ്ക്കു മാത്രമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോഴേക്കും ആശുപത്രിയിൽ നിന്ന് പുറത്തുകടന്നിരുന്ന പ്രതിയെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല. കൊട്ടാരക്കരയിൽ ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷവും ആശുപത്രി സുരക്ഷയിൽ പോലീസ് കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നില്ല എന്ന ആരോപണമാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. എന്നാൽ ആശുപത്രിയിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ ഏൽപ്പിച്ച് മടങ്ങിയതെന്നാണ് ഏറ്റുമാനൂർ പോലീസിന്റെ വിശദീകരണം.
കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി കൊല്ലം സ്വദേശി സാബ്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam