ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; അഹമ്മദ് ദേവര്‍കോവില്‍ അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍

Published : Feb 13, 2022, 07:49 PM ISTUpdated : Feb 13, 2022, 09:00 PM IST
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; അഹമ്മദ് ദേവര്‍കോവില്‍ അഡ്ഹോക്  കമ്മിറ്റി ചെയര്‍മാന്‍

Synopsis

2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വം കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. 

കോഴിക്കോട്: ഐഎന്‍എല്‍ (Indian National League) സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ് സംസ്ഥാന നേതൃത്വത്തെ മാറ്റി പകരം അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍. തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിക്കുകയും പിന്നീട് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തുകയും ചെയ്തിട്ടും പാര്‍ട്ടിയിലെ ചേരിപ്പോര് അതേപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎന്‍എല്ലിന്‍റെ സംസ്ഥാനതല സമിതികള്‍ പിരിച്ചുവിടാനുളള ദേശീയ നിര്‍വാഹക സമിതി തീരുമാനം. 

ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന നിര്‍വാഹക സമിതി യോഗമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന പ്രവര്‍ത്തക സമിതി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടത്. പകരം അഹമ്മദ് ദേവര്‍ കോവിലിന്‍റെ നേതൃത്വത്തില്‍ ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കി. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതെന്ന് ഐഎന്‍എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

ഐഎന്‍എല്‍ ദേശീയ നിര്‍വഹക സമിതി യോഗ തീരുമാനങ്ങള്‍ 

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ നിര്‍വാഹക സമിതിയുടെ അടിയന്തര യോഗം പാര്‍ട്ടി കേരള ഘടകവുമായി ബന്ധപ്പെട്ട് ഏതാനും തീരുമാനങ്ങളെടുത്തു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാന്‍ തീരുമാനിച്ചു. 2021 മാര്‍ച്ച് 20 ന് തന്നെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരുന്നു.

2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിം​ഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വവും ക്യാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ.എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്‍റ് എം എം മാഹീന്‍ എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍. അഹമ്മദ് ദേവര്‍കോവിലായിരിക്കും കമ്മിറ്റി ചെയര്‍മാന്‍.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും