ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിന് ഭീഷണിയെന്ന്

By Web TeamFirst Published Feb 2, 2020, 6:54 AM IST
Highlights

ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്.

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശ്ശൂർ കോരച്ചാൽ സ്വദേശി വിനോദാണ് സമീപവാസികൾക്കെതിരെ പൊലീസില്‍ പരാതി നൽകിയത്. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.വീടിന് സമീപത്തെ കിരാത പാർവതി ക്ഷേത്രത്തിൽ അതി രാവിലെയും വൈകീട്ടും ഉച്ചഭാഷിണിയിലൂടെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പ്രവാസിയായ വിനോദ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്. തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണി വരെയുണ്ടായെന്നും വിനോദിന്‍റെ പരാതിയില് പറയുന്നു. പ്രദേശത്തെ യുവാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായും വിനോദ് പറയുന്നു.

എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ക്ഷേത്രം അധികൃതരുടെ വിശദീകരണം. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നി‍ർദേശിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

click me!