
കാസര്‍കോട്: കാസർകോട് ബേക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര മേളക്കിടെ പന്തൽ തകർന്ന് 40 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടേകാലോടെ മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളക്കിടെയാണ് അപകടം നടന്നത്. മത്സരങ്ങൾ നടന്ന പ്രധാന വേദിയിലെ തകരഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. തലയ്ക്കും കൈകാലുകൾക്കുമാണ് അധികം പേർക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലും കാസർകോട്ടെയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് മാറിയിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. പന്തൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാധമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam