കൊച്ചി മേയറെ മാറ്റണം: നിലപാടിലുറച്ച് ജില്ലാ നേതൃത്വം, മാറ്റങ്ങൾ വരുമെന്ന് വി ഡി സതീശൻ

By Web TeamFirst Published Oct 26, 2019, 10:34 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് ദിവസത്തെ വെള്ളക്കെട്ടും തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെയും പേരില്‍ മേയര്‍ക്കും കോര്‍പ്പറേഷനും എതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പുറത്തു നിന്നും ഉയര്‍ന്നത്.

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റുന്നതിനെ ചൊല്ലി കോൺഗ്രസ് സംസ്ഥാന നേതൃത്വവും ജില്ലയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. മേയറെ തൽകാലം മാറ്റേണ്ടതില്ലെന്ന  കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിന് പിന്നാലെ കൊച്ചിയിലെ മുതിർന്ന നേതാക്കൾ ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു.  മേയറെ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട ഇവർ ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കാനും തീരുമാനമായി.

വിഡി സതീശന്‍, കെ.വി തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടിജെ വിനോദ്, പിടി തോമസ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. കൊച്ചി കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസഡന്റിനെ ധരിപ്പിക്കും. കോർപറേഷനിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. 

കൊച്ചി മേയറെ മാറ്റില്ല, വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമെന്ന് മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പ് ദിവസത്തെ വെള്ളക്കെട്ടും തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെയും പേരില്‍ മേയര്‍ക്കും കോര്‍പ്പറേഷനും എതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പുറത്തു നിന്നും ഉയര്‍ന്നത്. മേയര്‍ രാജി വെക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ എറണാകുളത്തെ നിറം മങ്ങിയ പ്രകടനത്തില്‍, കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തു. 

എറണാകുളത്തെ നിറം മങ്ങിയ ജയം; കോണ്‍ഗ്രസില്‍ തമ്മിലടി, കോര്‍പ്പറേഷൻ ഭരണത്തെ പഴിച്ച് ഹൈബി ഈഡൻ

മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്തെത്തി. എന്നാല്‍ മേയറെ മാറ്റണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ന് നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം നല്‍കുന്ന സൂചനയെന്ന് വ്യക്തമാണ്. 

click me!