
മലപ്പുറം: നഗരസഭക്ക് അധികാരം എൻഒസി നൽകാൻ മാത്രമെന്ന് താനൂര്‍ നഗരസഭ ചെയര്‍മാന്‍ പിപി ഷംസുദ്ദീന്‍. താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിൽ നേരത്തെയും അമിതമായി ആളുകളെ കയറ്റിയിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ബോട്ട് സർവ്വീസ് നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂസ് അവറിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ബോട്ടുകാർ സഹകരിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഇന്ന് പറഞ്ഞതാണെ'ന്നും ചെയർമാൻ പറഞ്ഞു. മലപ്പുറം ജില്ലാ വികസന സമിതിയിൽ ഇക്കാര്യം ഉയർത്തി പരാതി വന്നിരുന്നു എന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
മലപ്പുറം താനൂരിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ട ബോട്ട് അപകടത്തിന് ദിവസങ്ങൾക്ക് മുമ്പും അമിതമായി യാത്രക്കാരെ കയറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അവിടെ നിന്നുള്ള വലിയ പരാതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്രയൊക്കെ പരാതികൾ ഉയർന്നിട്ടും വീണ്ടും ബോട്ട് യാത്ര തുടർന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ പെരുന്നാൾ ദിവസമുള്ള ഒരു ദൃശ്യമാണിതെന്നാണ് വെളിപ്പെടുന്നത്. ബോട്ടിനെതിരെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
അപകടത്തിൽപെട്ട ബോട്ടിന് ലൈസൻസ് ഇല്ല. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കി. ബോട്ടിന് രജിസ്ട്രേഷൻ ഇല്ല. ബോട്ട് സ്രാങ്കിനും ലൈസൻസില്ല. പകൽസമയം മാത്രം സർവ്വീസ് നടത്തണമെന്ന നിബന്ധന പാലിച്ചില്ല. ബോട്ടിന്റെ ഡിസൈൻ അപേക്ഷക്കൊപ്പം നൽകിയില്ല. പണി പൂർത്തിയാക്കിയ ശേഷം നേവൽ ആർക്കിടെക്റ്റ് പരിശോധിക്കണം. പരിശോധനക്ക് പോർട്ട് ഓഫ് രജിസ്ട്രിക്ക് അപേക്ഷ നൽകിയില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.