കൊതുകിന്‍റെ ഉറവിട നിർമാർജന പ്രവർത്തനങ്ങൾക്ക് തിരിച്ച‌ടിയായി പുതിയ പൊതുജനാരോ​ഗ്യ നിയമം

By Web TeamFirst Published Jul 15, 2021, 1:26 PM IST
Highlights

പ്രധാന പ്രശ്നം പരിശോധനയ്ക്ക് മുൻപ് ഉടമകളുടെ അനുമതി തേടണം എന്നതാണ്. ഉടമ അനുമതി നിഷേധിച്ചാൽ പരിശോധനയും മുടങ്ങും

തിരുവനന്തപുരം: സിക ഡെങ്കി പ്രതിരോധ ഭാഗമായി കൊതുകിന്‍റെ ഉറവിടം കണ്ടെത്താൻ ഉള്ള പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പുതിയ പൊതുജനാരോഗ്യ നിയമം. ഏതെങ്കിലും പ്രദേശത്തോ വീടുകളിലോ പരിശോധനക്ക് പ്രവേശിക്കണം എങ്കിൽ ഉടമയുടെ മുൻകൂർ അനുമതി വേണമെന്ന ചട്ടമാണ് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളി ആകുന്നത്

ജൂൺ ഒന്നിന് ഇറങ്ങിയ പുതിയ പൊതുജനാരോഗ്യ നിയമത്തിലാണ് പുതിയ ഭേദഗതി. നിയമത്തിലെ സെക്ഷൻ 65 അനുസരിച്ച് പരിശോധനകൾക്കായി എവിടെ എങ്കിലും പ്രവേശിക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം.ഇതിൽ പ്രധാന പ്രശ്നം പരിശോധനയ്ക്ക് മുൻപ് ഉടമകളുടെ അനുമതി തേടണം എന്നതാണ്. ഉടമ അനുമതി നിഷേധിച്ചാൽ പരിശോധനയും മുടങ്ങും.

അടുത്ത പ്രശ്നം ജില്ലാ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തുന്ന ആളിന് മാത്രമേ പരിശോധനക്ക് പോകാൻ കഴിയുയെന്നതാണ്. അടിയന്തര ഘട്ടങ്ങളിൽ അനുമതി വൈകിയാൽ പരിശോധനയോ തുടർ നടപടികളോ നടക്കില്ല. ഇതോടെ പല ജില്ലകളിലും പരിശോധന നടക്കുന്നില്ല

സിക ഡെങ്കി രോഗങ്ങൾ പടരുന്നു സാഹചര്യത്തിൽ വ്യാപക പരിശോധന എത്രയും വേഗത്തിൽ നടത്തിയില്ലെങ്കിൽ അത് വലിയ തിരിച്ചടി ആകും. ഈ രോഗങ്ങൾക്ക് കാരണമായ ഈഡിസ് കൊതുകുകൾ വീടുകൾക്ക് ഉള്ളിൽ വരെ ഉണ്ടാകാം.ഈ സാഹചര്യത്തിൽ പരിശോധനകൾക്ക് മുൻകൂർ അനുമതി എന്നത് പ്രായോഗികമാകില്ല

പുതിയ നിയമ പ്രകാരം നിയമ നിർവഹണ അധികാരം ഡോക്ടർമാരിലേക്ക് ചുരുങ്ങും. കോവിഡ് ഡ്യൂട്ടി അടക്കം ചുമതലയിൽ ഉള്ള ഡോക്ടർമാർക്ക് അത് കൂടുതൽ ഭാരമാകും. നിയമത്തിലെ ഈ പ്രശ്നങ്ങൾ നേരത്തെ തന്നെ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി എങ്കിലും അതിന് മാറ്റം ഉണ്ടായിട്ടില്ല.

click me!