പിഎസ്‍സിയുടെ പരിധിയില്‍ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന ഉത്തരവ് നടപ്പായില്ല

Published : Nov 07, 2022, 05:54 AM IST
പിഎസ്‍സിയുടെ പരിധിയില്‍ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന ഉത്തരവ് നടപ്പായില്ല

Synopsis

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ നിയമനങ്ങളിലാകട്ടെ സംവരണ തത്വങ്ങളൊന്നും പരിഗണിക്കുന്നതേ ഇല്ല

 

കോഴിക്കോട് : പിഎസ്‍സിയുടെ പരിധിയില്‍ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന  സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലുവില നല്‍കിയാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയുളള നിയമനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്ന ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശമാകട്ടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്നു.

പി എസ് സി നിയമത്തിന്‍റെ പരിധിയില്‍ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന സര്‍ക്കാര്‍ ഉത്തരവ് , 2014 ന് ഫെബ്രുവരി രണ്ടിന് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഇറക്കിയതാണ്. 1959ലെ കംബല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്ന് പറയുന്ന ഈ ഉത്തരവില്‍ പല വകുപ്പുകളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന പ്രശ്നവും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നിട്ടും കാര്യങ്ങള്‍ പഴയ പടി തന്നെ നടന്നു. അതായത് രാഷ്ട്രീയക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റി. ഈ പ്രശ്നം വീണ്ടും പരാതിയായി സര്‍ക്കാരിന്‍റെ മുന്നിലെത്തി. തുടര്‍ന്ന് 2016 ഡിസംബര്‍ 26ന് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധവികള്‍ക്കുമായി നിര്‍ദ്ദേശം നൽകി. പിഎസ്‍സി നിയമത്തിന്‍റെ പരിധിയില്‍ പെടാത്ത എല്ലാ ഒഴിവുകളിലേക്കുമുളള നിയമനങ്ങള്‍ക്ക് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ സേവനം പ്രയോജനപ്പെടുത്തണം, അല്ലാത്ത പക്ഷം ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍, എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. 

പൊതുമേഖല സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ കോര്‍പറേഷനുകള്‍, വകുപ്പുകള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നിട്ടും താല്‍ക്കാലിക നിയമനങ്ങളില്‍ സ്വജനപക്ഷപാതം നിര്‍ബാധം അരങ്ങേറുന്നതുകണ്ട വിവരാവകാശ പ്രവര്‍ത്തകര്‍ തെളിവുകളുമായി ഓംബുഡ്മാനെ സമീപിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത്, തലക്കുളത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന അനധികൃത നിയമനത്തിനെതിരെ ആയിരുന്നു വിവരാവകാശ പ്രവര്‍ത്തകൻ രവി ഉളളിയേരി നല്‍കിയ പരാതി. അനധികൃത നിയമനം നേടിയവരെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കോ സാന്പത്തിക വര്‍ഷം അവസാനിക്കുന്ന മുറയ്ക്കോ പിരിച്ചുവിടണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും ഇരു പഞ്ചായത്തുകളും ഈ ഉത്തരവ് കണ്ട ഭാവമേയില്ല.

മേയറുടെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി എംബ രാജേഷ് ദ്രുതഗതിയിൽ അവതരിപ്പിച്ച പ്രശ്ന പരിഹാര മാര്‍ഗ്ഗവും ഇതായിരുന്നു. വിവാദമായ ആ 295 നിയമനങ്ങള്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തും. എന്നാല്‍ മറ്റ് ഒഴിവുകളുടെ കാര്യത്തില്‍ ഈ തീരുമാനം ബാധകമല്ലെന്ന കാര്യം മന്ത്രി പ്രത്യേകം ഓര്‍മിപ്പിച്ചു.

വിവിധ വകുപ്പുകളിലൂടെ ഇഷ്ടക്കാര്‍ക്കെല്ലാം പിന്‍വാതില്‍ നിയമനം നല്‍കുമ്പോൾ അര്‍ഹരായ ആയിരങ്ങളാണ് അരക്ഷിതരായി കഴിയുന്നത്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ നിയമനങ്ങളിലാകട്ടെ സംവരണ തത്വങ്ങളൊന്നും പരിഗണിക്കുന്നതേ ഇല്ല. ആറു മാസക്കാലത്തെ താല്‍ക്കാലിക തൊഴില്‍ദാന ഏജന്‍സി എന്നതില്‍ നിന്ന് മാറി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നുമില്ല.

കത്ത് മേയറുടേത് തന്നെയെന്ന് ബിജെപി; ഇന്ന് ​ഗവർണറെ കാണും, അന്വേഷണം ആവശ്യപ്പെടും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി