
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി രൂപീകരിച്ച 'ഫൈൻ്റ് അർജ്ജുൻ' എന്ന പേരിലുള്ള ആക്ഷൻ കമ്മറ്റി പിരിച്ചു വിട്ടെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം കുടുംബം ആക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഇന്നലെ ഫൈൻ്റ് അർജുൻ ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയിൽ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ആക്ഷൻ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാൻ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു. മനാഫിനെതിരായ ആരോപണങ്ങളിൽ മനാഫ് തന്നെ പ്രതികരിക്കുമെന്നും നൗഷാദ് പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് നൗഷാദിൻ്റെ പ്രതികരണം. അതേസമയം, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി അറിയിച്ചു. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐ ആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.
പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam