
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്താനുള്ള ബസുടമകളുടെ നീക്കത്തിന് തിരിച്ചടി. സുരക്ഷാ പ്രശ്നം മുൻനിർത്തി സംസ്ഥാന ഗതാഗത അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി 200ലേറെ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങാനിരിക്കെയുണ്ടായ തീരുമാനത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ബസ് ഉടമകൾ.
ദില്ലി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗ കാലാവധി എട്ടു മുതൽ 10 വർഷമാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റേണ്ട ഘട്ടമെത്തുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി കേരളത്തിൽ സർവീസ് നടത്തിയിരുന്നു. 30 വർഷത്തിലധികമായി ഇത് തുടരുന്നു. പുതിയ ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം ചെലവ് വരുമ്പോൾ ഉപയോഗിച്ച വാഹനം 10-15 ലക്ഷം രൂപക്ക് ലഭിക്കുമെന്നതാണ് നേട്ടം.
ഇതനുസരിച്ച് 200 ഓളം ബസുകളാണ് അറ്റകുറ്റപണി പൂർത്തിയാക്കി സർവീസിനൊരുങ്ങിയത്. പക്ഷെ ഇത്തരം ബസുകൾ സുരക്ഷാ പ്രശ്നങ്ങളും വായു മലിനീകരണവും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ മലപുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഇതിന് പുറമെ ബസുകളുടെ ഫിറ്റ്നസ് ഫീസ് കുത്തനെ ഉയർത്തുകയും ചെയ്തതിട്ടുണ്ട്. 15 കൊല്ലം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 1,110 രൂപയില് നിന്ന് 14,200 രൂപയായാണ് ഉയർത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam