Dileep Case : ദിലീപിന് മുന്‍കൂര്‍ ജാമ്യം; പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക്

Published : Feb 07, 2022, 11:22 AM ISTUpdated : Feb 07, 2022, 01:13 PM IST
Dileep Case : ദിലീപിന് മുന്‍കൂര്‍ ജാമ്യം; പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക്

Synopsis

ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. 

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് (Dileep) മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക് (Supreme Court). സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ  സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ദിലീപിനെ കസ്റ്റഡിയിൽ വേണം എന്ന നിലപാടിൽ ക്രൈംബ്രാഞ്ച് ഉറച്ച് നിൽക്കും. എന്നാൽ ഹൈക്കോടതിയിൽ ഹാജരാക്കിയതിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിയിൽ അവതരിപ്പിച്ചെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയു എന്ന ബോധ്യം പ്രോസിക്യൂഷനുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം കൂടി കിട്ടിയശേഷം മേൽക്കോടതിയെ സമീപിച്ചാൽ മതിയോ എന്നും ആലോചിക്കുന്നുണ്ട്. നിലവിലെ തിരിച്ചടി മറികടക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ക്രൈംബ്രാഞ്ചിന് അത്യാവശ്യമാണ്.

ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻപിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. 

വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്‍റെ ഓ‍ഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്.  ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോ​ഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരൻ അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാ‍ർ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപിൽ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്.  ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും