'കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്നാണ് പറഞ്ഞിരുന്നത്'; ജീവന് ഭീഷണിയെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ

Published : Mar 09, 2022, 07:33 PM ISTUpdated : Mar 09, 2022, 10:21 PM IST
'കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്നാണ് പറഞ്ഞിരുന്നത്'; ജീവന് ഭീഷണിയെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ

Synopsis

കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു

കൊച്ചി: പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട്  വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കലൂരില്‍ (Kaloor) കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ ഡിക്സി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല.

മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു. 

  • കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി വാക്കുതര്‍ക്കം

കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന (Child Murder) കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. 
 
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി. 

എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച്  കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

  • കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ മുത്തശ്ശിയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കി കൊന്നു

കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24)  എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്‍റെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകു‍ഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുട‍ർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവ‍ർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.

തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛ‍ർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു.  ഈ സംഭവത്തിന്‍റെ സിസിടിവി ​ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. 

ഹോട്ടലിൽ നിന്നും രണ്ട് കു‍ഞ്ഞുങ്ങളുമായി സിപ്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിപ്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛ‍ർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ട‍ർമാരോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ട‍ർമാർ പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോ‍ർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനെ  കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി