
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള വകുപ്പായ രജിസ്ട്രേഷൻ വകുപ്പിനെ കാലത്തിനൊപ്പം ആധുനികവൽക്കരിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവച്ച് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കിഫ്ബിയിൽ നിന്നും 105.31 കോടി രൂപ രജിസ്ട്രേഷൻ വകുപ്പിനായി നീക്കിവച്ചു. 2016ൽ കിഫ്ബി പദ്ധതികൾ തയ്യാറാക്കിയപ്പോൾ തന്നെ രജിസ്ട്രേഷൻ വകുപ്പും പദ്ധതി തയ്യാറാക്കി. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾക്കാണ് മുൻഗണന നൽകിയത്. 48 സബ് രജിസ്ട്രാർ ഓഫീസുകൾക്കും 3 രജിസ്ട്രേഷൻ കോംപ്ലക്സുകൾക്കും കെട്ടിടം പണിയാനും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമായാണ് പദ്ധതി തയ്യാറാക്കിയത്. 45 സബ് രജിസ്ട്രാർ ഓഫീസുകളുടെയും രണ്ട് രജിസ്ട്രേഷൻ കോംപ്ലക്സുകളുടെയും നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങി. ഒരു കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിയും പൂർത്തിയായി. മൂന്ന് സബ് രജിസ്ട്രാർ ഓഫീസുകളുടെയും ഒരു രജിസ്ട്രേഷൻ കോംപ്ലക്സിന്‍റെയും നിർമാണം വൈകാതെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ ധനസമാഹരണ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നാണ് രജിസ്ട്രേഷൻ വകുപ്പെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. 160 വർഷം മുൻപ് 1865ൽ ബ്രിട്ടീഷ് ഇന്ത്യയിലാണിത് രൂപീകൃതമായത്. അഞ്ചരക്കണ്ടിയിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ രജിസ്ട്രേഷൻ വകുപ്പ് സ്ഥാപിക്കപ്പെട്ടത്. രജിസ്ട്രേഷൻ വകുപ്പും കാലത്തിനൊപ്പം എന്ന ലക്ഷ്യവുമായി ആധുനികവൽക്കരണ നടപടികൾ വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന സൌകര്യ വികസനം വേഗത്തിൽ നടപ്പിലാക്കാനാണ് കിഫ്ബിക്ക് രൂപം കൊടുത്തത്. 99ൽ രൂപകൽപ്പന ചെയ്തെങ്കിലും 2016ൽ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് കിഫ്ബി നിയമം സമഗ്രമായി പരിഷ്കരിച്ചത്. സാമ്പത്തിക മേഖലയിലെ ദൌർബല്യങ്ങളും പോരായ്മകളും പരിഹരിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം നേടാൻ കിഫ്ബിയിലൂടെ കഴിഞ്ഞെന്നും മന്ത്രി പറയുന്നു.
വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വോട്ട് അഭ്യർത്ഥിച്ചാണ് പിണറായി സർക്കാർ ജനങ്ങളുടെ മുൻപിൽ എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർ ഭരണത്തിന് അസ്ഥിവാരമിട്ടത് പിണറായി സർക്കാരാണ്. ഭരണം മാറിമാറി വരുന്ന പതിവിനു മാറ്റം വരുത്തി തുടർ ഭരണം സാധ്യമാണെന്ന് തെളിയിച്ചത് ഈ സർക്കാരാണ്. മൂന്നാം തവണയും പിണറായി സർക്കാർ വരും. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലയിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ പിണറായി സർക്കാർ പൂർത്തീകരിച്ചു എന്നത് വലിയ കാര്യമാണ്. പ്രധാനമന്ത്രിയൊക്കെ വന്നുപോയതല്ലാതെ സാമ്പത്തിക സഹായമൊന്നും നൽകിയില്ല. പതിനായിരത്തിലേറെ രേഖകളാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നഷ്ടമായത്. അതെല്ലാം തിരികെ നൽകാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
താൻ ഇനിയും മത്സരിക്കുമോയെന്ന് ഇപ്പോൾ മറുപടി പറയാനാവില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതൊക്കെ തീരുമാനിക്കേണ്ട തലങ്ങളുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെറിയ പാർട്ടി ആണെങ്കിലും കോണ്‍ഗ്രസ് (എസ്) ചെയ്യും. തനിക്ക് രാഷ്ട്രീയ എതിരാളികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തനിക്കു മുകളിലാണ് എന്ന തരത്തിലേ ഇടപെടാറുള്ളൂ. കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്. കർമം ചെയ്യുക, ഫലം ഇച്ഛിക്കാതിരിക്കുക എന്നതാണ് നയം. ശുദ്ധമനസ്സോടെ കർമം ചെയ്യുക എന്നതാണ് നിലപാടെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam