
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിനെ ട്രാഫിക് വാർഡൻ മർദിച്ച സംഭവത്തിൽ ഇടപെട്ട് പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ. കമ്മീഷൻ പൊലീസിൽ നിന്ന് റിപോർട്ട് തേടി. റിപോർട്ട് നൽകാൻ കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനുള്ളിൽ അടിയന്തര റിപോർട്ട് നൽകണം. നേരത്തെ മനുഷ്യാവകാശ കമ്മിഷനും റിപോർട്ട് തേടിയിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്തതിനെ തള്ളിപ്പറയാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോ എന്ന പരിശോധിക്കുമെന്നാണ് വീണാ ജോർജിൻറെ നിലപാട്. ഡിഎംഇയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരിച്ചെടുത്തത്.
Read More : മെഡിക്കൽ കോളേജിൽ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്ന യുവാവിനെ മർദിച്ച രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാരെയാണ് മാനുഷിക പരിഗണനയെന്ന പേരിൽ തിരിച്ചെടുത്തത്. ഒരാൾ വൃക്കരോഗിയാണെന്നതും മറ്റു വഴിയില്ലെന്നും എല്ലാക്കാലവും പുറത്ത് നിർത്താനാവില്ലെന്നും കാട്ടിയായിരുന്നു ഇത്. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന നിർദേശം നിലനിൽക്കെയാണ് സ്വകാര്യ ഏജൻസിക്ക് കീഴിലുള്ള ഇവരെ സൂക്ഷ്മതയോടെ ജോലി ചെയ്യേണ്ട മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് തന്നെ തിരികെയെടുത്തത്.
യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒപി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. പ്രകോപിതനായ യുവാവ് സുരക്ഷാ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയതായും ആക്രമിച്ചതായുമായിരുന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.
Read More : മെഡി. കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിവാദം; പരിശോധിക്കുമെന്ന് മന്ത്രി