
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി നല്ല രീതിയിൽ തെരെച്ചിൽ നടക്കുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു. തെരച്ചിലിൽ തൃപ്തരാണ്. അർജുനെ കിട്ടുന്ന വരെ തെരയണം. ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ട്. ഇപ്പോളത്തെ രീതിയിൽ തന്നെ തെരച്ചിൽ തുടരണമെന്നും അർജുന്റെ സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തെരച്ചിലിൽ തൃപ്തിയില്ലെന്നും സൈന്യത്തെ വിമർശിച്ചും അർജുൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു.
അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ രംഗത്തെത്തി. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അർജുൻ. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ സമീപത്തെ ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam