
മലപ്പുറം: മലപ്പുറം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. മുണ്ടേരി ഗവ. സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്‍റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉദിരകുളം സ്വദേശി ബിജു , കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് അധ്യാപകന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസം മുമ്പാണ് മൂവരും തമ്മില്‍ പരിചയപ്പെടുന്നത്. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ പരിചയപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ സെപ്തoബർ ഏഴിന് മൂന്നുപേരും മദ്യപിക്കാന്‍ ഒത്തുകൂടി. എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസിച്ച് വരുന്ന ലതയുടെ വീട്ടിൽ വച്ചായിരുന്നു മദ്യപാനം. പിന്നാലെ മൂവരും തമ്മില്‍ തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് പ്രതി ബിജു അധ്യാപകന്‍ കൂടിയായ ബാബുവിന്‍റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ ബാബു കുഴഞ്ഞുവീഴുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ബാബുവിനെ വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളി രക്ഷപ്പെടുകയായിരുന്നു.
ബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവ പ്രതികള്‍ അപഹരിച്ചു. ആറ് ദിവസം കഴിഞ്ഞ് സെപ്തംബർ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകമെന്ന് തെളിഞ്ഞതും പ്രതികളിലേക്ക് പൊലീസ് എത്തിയതും. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബർ 8 ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.