പ്രതിപക്ഷ നേതാവിൻറെ പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണയ്ക്കും

By Web TeamFirst Published Dec 29, 2020, 8:26 PM IST
Highlights

നാളെ നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ  തെരഞ്ഞെടുപ്പിൽ ചെന്നിത്തല തൃപ്പെരുംതുറ  പഞ്ചായത്തിൽ എൽഡിഎഫിന്  നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. 

ചെന്നിത്തല:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ നാളെ നടക്കുന്ന  അധ്യക്ഷ  തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ് ഏറെ പ്രാധാന്യമുള്ള തീരുമാനവുമായി യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്.

ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. വൈസ്  പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാം വാർഡിൽ യുഡിഎഫിൽ നിന്ന്  ജയിച്ച രവികുമാറിനെ ആരുടേയും പിന്തുണ തേടാതെ മത്സരിപ്പിക്കാനും പാർട്ടി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു, മാന്നാർ അബ്ദുൾ ലത്തീഫ്, ജോൺ കെ മാത്യൂ, സിരി സത്യദേവ്, എം ശ്രീകുമാർ, രാധേഷ് കണ്ണന്നൂർ എന്നിവരാണ്  ചർച്ചകൾക്ക് നേതൃത്വം നൽകിയത്. 

നിലവിൽ യുഡിഎഫ്- ആറ്,  എൻഡിഎ- ആറ് , എൽഡിഎഫ് - അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡി എഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. എൽഡിഎഫിലും എൻഡിഎയിലും പട്ടികജാതി വനിതകൾ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തീരുമാനം.

click me!