കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കര്‍ശന ഉപാധികളോടെ എഴുന്നള്ളിക്കാൻ അനുമതി

By Asianet MalayalamFirst Published Feb 11, 2021, 5:37 PM IST
Highlights

നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിൽസയും തുടരണമെന്നും വ്യവസ്ഥ‍യിലുണ്ട്.

തൃശ്ശൂര്‍: പ്രശ്സത കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്. ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാര്‍ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല് പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.

നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിൽസയും തുടരണമെന്നും വ്യവസ്ഥ‍യിലുണ്ട്. ഉത്സവചടങ്ങുകളിൽ പൊതുജനങ്ങളിൽ നിന്നും അഞ്ച് മീറ്റര്‍ അകലത്തിൽ വേണം ആനയെ നിര്‍ത്താനെന്നും നാട്ടാന നിരീക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. കൊവിഡിന് ശേഷം ഇതാദ്യമായാണ് രാമചന്ദ്രനെ ചടങ്ങുകൾക്ക് കൊണ്ടു പോകാൻ അനുമതി കിട്ടിയത്. 
 

click me!