പൂരനഗരിയിലെ വിവിഐപിക്ക് 60 മിനിട്ട്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഇത്തവണത്തെ പുരം ഇങ്ങനെ

By Web TeamFirst Published May 11, 2019, 6:25 PM IST
Highlights

രാവിലെ 9.30 മുതൽ 10.30 വരെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പുരത്തിനുള്ള അനുമതി. ഈ സമയത്തിനുള്ളിൽ എല്ലാ ചടങ്ങുകളും പൂർത്തീകരിക്കണം എന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന ഉത്തരവ്

തൃശ്ശൂർ: ഒരുവേള തൃശ്ശൂർ പൂരം ആനകളില്ലാതെ നടത്തേണ്ടി വരുമോയെന്ന് വരെ തോന്നിച്ചുവെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും സമയവായമായിരിക്കുന്നു. പൂരനഗരിയിൽ വിവിഐപി പരിവേഷത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കൊമ്പൻ നിൽക്കുമെന്ന് ഉറപ്പായതോടെ പൂരം പൂർവ്വാധികം ഭംഗിയായി നടത്താനുള്ള പരിശ്രമങ്ങൾ കൂടുതൽ സജീവമായി. കർശന ഉപാധികൾ മുന്നോട്ട് വച്ചാണ് പൂരവിളംബരത്തിനായി കൊമ്പനെ എത്തിക്കാൻ ജില്ല കളക്ടർ ടിവി അനുപമ ഉത്തരവിട്ടിരിക്കുന്നത്.

വിവാദം കാട്ടുതീ പോലെ കത്തിപ്പടർന്നതിനാൽ തന്നെ ഇക്കുറി പൂരനഗരിയുടെ മുഴുവൻ കണ്ണും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനിലേക്കാണ്. ആന അക്രമകാരിയാണെന്നത് പരിഗണിച്ച് വളരെ കരുതലോടെയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഇന്ന് രാവിലെ പരിശോധിച്ചിരുന്നു. ഈ വൈദ്യ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.

നെയ്‌തലക്കാവിൽ നിന്ന് തിടമ്പെടുക്കാൻ രാമചന്ദ്രൻ എത്തില്ല

കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് പൂര വിളംബര ഘോഷയാത്ര പുറപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനടയിലേക്ക് പോയിരുന്നത്. എന്നാൽ ഇക്കുറി രാമചന്ദ്രന് ഇത്രയും നീണ്ട യാത്രയ്ക്ക് അനുമതിയില്ല. അതിനാൽ തന്നെ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം കൊമ്പൻ ദേവീദാസന്‍ തിടമ്പേറ്റും. രാവിലെ ഏഴ് മണിക്ക് ക്ഷേത്രത്തിൽ നിന്ന് തിടമ്പുമായി പുറപ്പെടുന്ന ദേവീദാസൻ മണികണ്ഠനാല്‍ വരെ  തിടമ്പുമായി വന്ന ശേഷം ഇവിടെ വച്ച് തിടമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറും. പിന്നീട് തെക്കേ ഗോപുരനട തുറന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പോകുന്നത് രാമചന്ദ്രനായിരിക്കും.

രാമചന്ദ്രന് സമയം ഒരു മണിക്കൂർ മാത്രം

തൃശ്ശൂർ പൂരത്തിന്റെ അതിപ്രധാനമായ വിളംബര ഘോഷയാത്രയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പങ്കെടുക്കണം എന്നത് പൂരപ്രേമികളുടെയും ആന ഉടമകളുടെയും ദേവസ്വം പ്രതിനിധികളുടെയും ആഗ്രഹമായിരുന്നു. അതിനാലാണ് ആനയെ വിലക്കിയ ജില്ല കളക്ടർ ടിവി അനുപമയുടെ നടപടിയിൽ പ്രതിഷേധിച്ച് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമസ്ഥ ഫെഡറേഷൻ തീരുമാനമെടുത്തത്. ഏതായാലും മന്ത്രിമാർ കൂടി ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാമചന്ദ്രന് വിളംബര ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചത്. എന്നാൽ വെറും ഒരു മണിക്കൂർ സമയം മാത്രമേ രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന് അനുവദിച്ചിട്ടുള്ളൂ. രാവിലെ 9.30 മുതൽ 10.30 വരെയാണിത്. ഈ സമയത്തിനുള്ളിൽ എല്ലാ ചടങ്ങുകളും പൂർത്തീകരിക്കണം എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ആനയെ പരിശോധിക്കാൻ മൂന്നംഗ വെറ്ററിനറി സംഘം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിക്കാൻ മൂന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊമ്പനെ പൂര വിളംബര ചടങ്ങിൽ പങ്കെടുപ്പിക്കാൻ ധാരണയായത്. ആനയെ നടത്തി നോക്കിയും പരിശോധിച്ചു. പരിശോധനയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി വെറ്ററിനറി ഡോക്ടര്‍മാര്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ആനയുടെ ആരോഗ്യനിലയിൽ തൃപ്തി രേഖപ്പെടുത്തിയ വൈദ്യസംഘം ആനയ്ക്ക് പരിക്കുകളില്ലെന്നും മദപ്പാടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആനയുടെ അടുത്തേക്ക് പൊതുജനങ്ങളെ അടുപ്പിക്കില്ല

പൂര വിളംബരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിന് കർശന നിബന്ധനകളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. രാമചന്ദ്രന്റെ പൂർവ്വകാല ചരിത്രം പരിഗണിച്ച് ജനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കണം എന്നാണ് നിബന്ധന.  രാവിലെ 9.30 ന് മണികണ്ഠനാൽ പരിസരത്ത് രാമചന്ദ്രൻ എത്തിച്ചേരും. ആന നിൽക്കുന്ന ഭാഗത്ത് നിന്ന് പത്ത് മീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് ജനങ്ങളെ തടയും. ആനയുടെ സമീപത്തേക്ക് പൊതുജനങ്ങളിൽ ആരെയും അനുവദിക്കില്ല. ആനയെ നിയന്ത്രിക്കാൻ പാപ്പാന്മാരിൽ നാല് പേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ ആനയ്ക്ക് ഒപ്പം തന്നെ കാണും. ഇതിന് പുറമെ പൊലീസ് സുരക്ഷയും ഉണ്ടായിരിക്കും. തിടമ്പ് ദേവീദാസന്റെ പക്കൽ നിന്നും രാമചന്ദ്രന്റെ പക്കലേക്ക് മാറ്റുന്ന സമയത്ത് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.

click me!