ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ കൗൺസിലർ രാജിവച്ചു

By Web TeamFirst Published Sep 4, 2019, 11:48 PM IST
Highlights

വരോട് വാർഡ് കൗൺസിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്. കേസിൽ പ്രതിചേർത്തപ്പോൾ ഇവരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

പാലക്കാട‌്: മോഷണക്കേസിൽ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർ രാജിവച്ചു. വരോട് വാർഡ് കൗൺസിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്. കേസിൽ പ്രതിചേർത്തപ്പോൾ ഇവരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മോഷണക്കേസിലെ പ്രതിയായ കൗൺസിലറെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഭരണസമിതിക്കെതിരെ, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൗൺസിലറുടെ രാജി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ രാജിയെന്നും സൂചനയുണ്ട്. നഗരസഭാ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയിട്ടാണ് രാജിക്കത്ത് അയച്ചത്. 

ജൂൺ 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ 38000 രൂപ നഷ്ടമാകുന്നത്. അതില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഎം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സുജാത ഒഴിഞ്ഞെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. സുജാതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും ഒരു വിഭാഗം നേതാക്കൾ സംരക്ഷിക്കുന്നെന്ന് ആരോപണവുമുണ്ടായിരുന്നു. നേതാക്കളുടെ സംരക്ഷണമുളളതിനാലാണ് ആരോപണമുയർന്ന് രണ്ടുമാസം കഴിഞ്ഞിട്ടും കൗൺസിലർ സ്ഥാനമൊഴിയാത്തതെന്നാണ് ഒരുവിഭാഗം സിപിഎം പ്രവർത്തകർ ഉന്നയിച്ചിരുന്നത്. 

15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലത്ത് സിപിഎം ഭരണം. യുഡിഎഫ് – സ്വന്തത്രമുന്നണി സഖ്യത്തിൽ 14 പേരുണ്ട്. ബിജെപിക്ക് 7 അംഗങ്ങളും നഗരസഭയിലുണ്ട്. കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് സുജാതയുടെ രാജിക്ക് സിപിഎമ്മിൽ സമ്മർദ്ദമേറിയത്.

click me!