ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

Published : Oct 28, 2024, 06:10 AM ISTUpdated : Oct 28, 2024, 06:25 AM IST
ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

Synopsis

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ  അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ  88ം നാളിലായിരുന്നു കൊലപാതകം

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ  അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ മകളുടെ മുഖത്ത് നോക്കി അനീഷിന്റെ നാൾകുറിച്ചു. 90 ദിവസത്തിനുളളിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് ക്രൂര കൊലപാതകം നടപ്പാക്കി. 

തേങ്കുറിശ്ശി ദുരഭിമാനക്കൊല: ശിക്ഷാവിധി 28ന്; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

നാലു വ൪ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങൾക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരൻ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും അനീഷിനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം ബൈക്ക് തടഞ്ഞു നി൪ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചിലേക്ക് ആഴത്തിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടും മുമ്പെ പ്രതികൾ കൃത്യം നി൪വഹിച്ചു കടന്നു കളഞ്ഞിരുന്നു.

കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു പ്രതികളെ പൊലിസ് പിടികൂടിയത്. കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 75 ദിവസത്തിനകം കുറ്റപത്രം സമ൪പ്പിച്ചു.  ദുരഭിമാനക്കൊലയെന്ന് കുറ്റപത്രത്തിലും രേഖപ്പെടുത്തി. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി. 

വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിൻറെ സഹോദരൻ അരുണിൻറെ മൊഴിയും കേസന്വേഷണത്തിൽ നി൪ണായകമായി. കത്തിമുനയില്‍ സ്വപ്നങ്ങള്‍ അറ്റുപോയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി