ഓക്സിജൻ ഉണ്ടായിരുന്നു,മരണം മെഡി.കോളജിലെത്തിയശേഷം- പ്രാഥമിക റിപ്പോർട്ട്, തുടർ അന്വേഷണം നടത്തും-ആരോ​ഗ്യമന്ത്രി

By Web TeamFirst Published Aug 16, 2022, 11:55 AM IST
Highlights

ആംബുലൻസിൽ ഓക്സിജൻ ലഭ്യമാക്കാത്തതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് രാജൻ മരിച്ചത് എന്ന് ആയിരുന്നു ബന്ധുക്കളുടെ പരാതി

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോ​ഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫിസറോട് ആരോ​ഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു.

ഞായറാഴ്ചയാണ് വെൺപാല സ്വദേശി രാജൻ മരിച്ചത്. ആംബുലൻസിൽ ഓക്സിജൻ ലഭ്യമാക്കാത്തതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് രാജൻ മരിച്ചത് എന്ന് ആയിരുന്നു ബന്ധുക്കളുടെ പരാതി. വണ്ടാനം ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും ഓക്സിജൻ ഉള്ള ആംബുലൻസിലാണ് രോ​ഗിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം രോ​ഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ രാജന്റെ അവസ്ഥ അതീവ ​ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രാജൻ അരമണിക്കൂറിന് ശേഷമാണ് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ രോ​ഗി മരിച്ചതിൽ പ്രതിഷേധവുമായി കോൺ​ഗ്രസും ബി ജെ പിയും രം​ഗത്തെത്തി. യൂത്ത് കോൺ​ഗ്രസ് തിരുവല്ലയിൽ സമരം സംഘടിപ്പിച്ചു.തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ആയിരുന്നു കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാ​ഗമായി ആരോ​ഗ്യ മന്ത്രി വീണ ജോർജിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ ഉന്തും തള്ളും ഉണ്ടായി. ബി ജെ പി പ്രവർത്തകരും തിരുവല്ല താലൂക്ക് ആശുപത്രി കവാടം ഉപരോധിച്ചു. 

മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും  പുളിക്കീഴ് പൊലീസ് അറിയിച്ചു

ഓക്സിജൻ കിട്ടാതെ അല്ല രോഗി മരിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയിയും ഇന്നലെ വ്യക്തമാക്കിയിരുന്നു പറഞ്ഞു . ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ ബിജോയിയുുടെ പ്രതികരണം. രോഗി അതിഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം ഡോക്ടർ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താൻ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തിൽ അവാസ്തവം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞു.

പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ മരണത്തിലാണ് പരാതി ഉയർന്നത് . ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നായിരുന്നു പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. 
 

click me!