തേവര എസ്എച്ച് കോളേജ് വിദ്യാർത്ഥികളുടെ ബാംഗ്ലൂർ-ഗോവ ടൂർ മുടങ്ങി, ബസിന് കൊടുത്ത ഒരു ലക്ഷം രൂപ തിരികെ കിട്ടിയില്ല; വർഷങ്ങൾക്ക് ശേഷം അനുകൂല വിധി

Published : Nov 12, 2025, 06:33 PM IST
SH College Thevara

Synopsis

ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. തേവര എസ്എച്ച് കോളേജ് വിദ്യാർത്ഥിയുടെ പരാതിയിൽ, 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു

കൊച്ചി: ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് തിരിച്ചടിയായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. 1.25 ലക്ഷം രൂപ ടൂർ ഓപ്പറേറ്റർ നൽകണമെന്നാണ് ഉത്തരവ്. തേവര, ​സെക്രഡ് ഹാർട്ട് കോളേജ് (എസ്.എച്ച് കോളേജ്) വിദ്യാർത്ഥിയായ ഹെലോയിസ് മാനുവൽ, കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

​​ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായിരുന്നു പരാതിക്കാരൻ. 37 സഹപാഠികൾക്കും മൂന്ന് അധ്യാപകർക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂർ പോകാൻ ടൂർ ഓപ്പറേറ്ററായ എതിർ കക്ഷിയെ ഇവർ സമീപിച്ചിരുന്നു. ​41 പേർക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000/- രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം ​പരാതിക്കാരൻ 1,00,000/- രൂപ ടൂർ ഓപ്പറേറ്റർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറി.

​എന്നാൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങി. ബദൽ ടിക്കറ്റുകൾ ലഭ്യമാകാതെ വന്നതോടെ ടൂർ പൂർണ്ണമായും റദ്ദാക്കി. യാത്രക്ക് ​അഡ്വാൻസായി നൽകിയ ഒരു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ 2023 ജൂൺ മാസത്തിൽ നൽകാമെന്നാണ് ടൂർ ഓപ്പറേറ്റർമാർ സമ്മതിച്ചത്. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി, എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. സേവനം നൽകാത്തതിനാൽ, ​പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും അത് ചെയ്യാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണെന്ന് ഉത്തരവിൽ പറയുന്നു.

​ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ടൂർ ഓപ്പറേറ്റർമാർ വഞ്ചിച്ചതെന്നും ഉത്തരവിലുണ്ട്. യാത്രാ തടസ്സം ഉണ്ടായപ്പോൾ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു പ്രാഥമികവും നിയമപരവുമായ ബാധ്യത. എതിർ കക്ഷിയുടെ ദീർഘമായ നിശബ്ദതയാണ് വിദ്യാർത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇത് ന്യായീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ​വിദ്യാർത്ഥിയിൽ നിന്നും അഡ്വാൻസായി വാങ്ങിയ ​ഒരു ലക്ഷം രൂപ തിരികെ നൽകണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 25000 /- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികളോട് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോൺസൺ ഹാജരായി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ