Congress| മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

By Web TeamFirst Published Nov 18, 2021, 8:43 AM IST
Highlights

ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നല്‍കിയിരിക്കുന്നത്. മുൻ ഡിസിസി അധ്യക്ഷന്‍ യു രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. നടപടി ശുപാര്‍ശ ഡിസിസി പ്രസിഡന്‍റ് കെപിസിസി പ്രസിഡന്‍റിന് ഉടന്‍ കൈമാറും. 

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ( journalist ) നേരെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ( congress workers ) ആക്രമണത്തില്‍ ഡിസിസി പ്രസിഡന്‍റ് ( dcc president ) നടപടിക്ക് ശുപാര്‍ശ ചെയ്തു. ശുപാർശ ഡിസിസി പ്രസിഡന്‍റ് കെപിസിസി പ്രസിഡന്‍റിന് കൈമാറും. ഡിസിസി പ്രസിഡന്‍റിന്‍റെ ശുപാർശയോട് കൂടി കൈമാറുന്ന റിപ്പോർട്ടിൽ കെപിസിസി പ്രസിഡന്‍റിന്‍റെ നടപടി ഇന്നുണ്ടായേക്കും. പ്രശാന്ത് കുമാറിനും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  രാജീവൻ തിരുവച്ചിറക്കുമെതിരെ അച്ചടക്ക നടപടി വേണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

ഇരുവരെയും പാർട്ടിയിൽ നിന്ന്  സസ്പെൻഡ് ചെയ്യും. പ്രശാന്ത് കുമാര്‍ ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റും രാജീവന്‍ തിരുവച്ചിറ മണ്ഡലം പ്രസിഡന്‍റുമാണ്. അക്രമത്തിൽ പങ്കെടുത്ത ഡിസിസി ജന. സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നൽകും. മുൻ ഡിസിസി പ്രസിഡന്‍റ്  യു രാജീവൻ മാസ്റ്റർ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണം. ജില്ലയിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ സി വി കുഞ്ഞികൃഷ്ണന്‍റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഡിസിസി പ്രസിഡന്‍റിന് റിപ്പോർട്ട് നൽകിയത്. എന്നാൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എല്ലാ പ്രതികളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും കസബ പൊലീസ് പറഞ്ഞു.

കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവിന്‍റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. 

എന്നാല്‍ ചേരുന്നത് വിമത യോഗമെന്ന് അറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്ക് പരിക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 


 

click me!