
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം, ഇക്കാര്യം സംബന്ധിച്ച് റെയില്‍വേക്ക് ഇതുവരെ ഓദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
നന്ദി മോദി!
എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.
നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam