
തൃശൂർ: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സിപിഐ നേതാന് വിഎസ് സുനിൽകുമാർ നടത്തിയ ആരോപണത്തിൽ മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. കെ.സുരേന്ദ്രൻ ആത്മാർത്ഥമായിട്ട് വന്നതെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും സുനിൽകുമാർ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ലെന്നും മേയർ പറഞ്ഞു.
നേരത്തെ സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദർശനം നടത്തിയെന്നും വർഗീസ് ആരോപിച്ചു. സുരേന്ദ്രന്റെ വീട്ടിൽ പോയി ചായകുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസ്സിലാകുന്നില്ല. രണ്ടു കാലിൽ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലിൽ മന്തുള്ളവൻ പോകുമെന്ന് പറയുന്നത്. സുനിൽകുമാർ അങ്ങോട്ടും സുനിൽ കുമാറിന്റെ വീട്ടിൽ സുരേന്ദ്രനും വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുരേന്ദ്രന്റെ വീട്ടിൽ എന്തിനു പോയി എന്നും സുനിലിന്റെ വീട്ടിൽ സുരേന്ദ്രൻ എന്തിനു വന്നു എന്നും സുനിൽ ബോധ്യപ്പെടുത്തട്ടെ.
സുഹൃത്ത് അല്ലാത്ത എന്റെ വീട്ടിലേക്ക് ഒരു കേക്കുമായി സുരേന്ദ്രൻ വന്നത് അത്ര വലിയ പ്രശ്നമാണോ. കേക്ക് വിഷയത്തിൽ എന്നോട് ആരും ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് സുരേന്ദ്രനുമായി ബന്ധമില്ലെന്ന് എന്റെ കൂടെ നടക്കുന്നതുകൊണ്ട് സിപിഐ കൗൺസിലർ സതീഷ് കുമാറിന് അറിയാം. എങ്ങനെയെങ്കിലും ഇടതുപക്ഷത്തിന് നിന്ന് എന്നെ പുറത്താക്കി ബിജെപിയിൽ എത്തിക്കാനുള്ള വാശിയാണോ സുനിൽകുമാറിന് എന്ന് എനിക്കറിയില്ല. തൃശ്ശൂരിലെ വികസനവും തൃശൂരിലേക്ക് പുതിയ പദ്ധതികൾ കൊണ്ടുവരുന്നതും സുനിൽകുമാറിന് താൽപര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്.
Read More... കുട്ടിപ്പൊലീസിന്‍റെ അന്നം മുട്ടിച്ച് സർക്കാർ; രാജ്യത്ത് മാതൃകയായ എസ്‍പിസി പദ്ധതിക്ക് നയാപൈസ നൽകാതെ ധനവകുപ്പ്
എന്നും ജയിച്ചു കൊണ്ടിരുന്ന ആൾ തോറ്റപ്പോൾ അത് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കേണ്ടേ എന്ന് സുനിലിന് തോന്നിയിട്ടുണ്ടാകും. എന്നെ എത്രയും പെട്ടെന്ന് ബിജെപിയിൽ എത്തിക്കണം എന്ന് ഇവർ ശ്രമിക്കുന്നുണ്ട്. സുനിൽകുമാർ അങ്ങനെ വിചാരിച്ചത് കൊണ്ട് എനിക്ക് പോകാൻ പറ്റുമോ. ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം എന്ന് താൽപര്യപ്പെടുന്ന ആളാണ് ഞാൻ. സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിൽ പോയത് എന്തെങ്കിലും ഉദ്ദേശം വച്ചു കൊണ്ടായിരിക്കുമെന്നും എംകെ വർഗീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam