
തൃശൂര്‍: ആചാര പെരുമയുടെ താളവും മേളവും കുടമാറ്റവുമായി പൂരംകൂടി തൃശൂർ. വെടിക്കെട്ട് വേണ്ടെന്ന് വെച്ചും കുടമാറ്റത്തിൻ്റെ ദൈർഘ്യം കുറച്ചും ആർഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം തെല്ലും കുറഞ്ഞില്ല. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്. സമയം കുറവായതിനാൽ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗവും മത്സരിച്ചത്.
ഇലഞ്ഞിത്തറ മേളം അവസാനിച്ചതിന് പിന്നാലെ വൈകിട്ട് അഞ്ചോടെയാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗത്തിന്‍റെ തെക്കോട്ടിറക്കമായിരുന്നു ആദ്യം. തൃശൂര്‍ കോർപ്പറേഷന് മുന്നിലെ ശക്തൻ പ്രതിമയിൽ വലം വെച്ച് പാറമേക്കാവ് കുടമാറ്റത്തിനായി തയ്യാറായി. തൊട്ടു പിന്നാലെ തെക്കോട്ടിറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖമായി കുടകൾ ഉയർത്താൻ തിരുവമ്പാടിയും തയ്യാറായി. തുടര്‍ന്ന് വൈകിട്ട് ആറിന് കുടമാറ്റം ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടോളമായി കുറയ്ക്കുകയായിരുന്നു.
കുടമാറ്റത്തിനിടയിലും കണ്ണീരോര്‍മ്മയായി വെടിക്കെട്ട് ദുരന്തം മാറി. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കുടകളുടെ എണ്ണത്തിൽ കുറവ് എങ്കിലും 20 മിനുട്ടോളം മാറിയ വന്ന വർണ്ണ കുടകളിലെ പകിട്ടിൽ പതിനായിരങ്ങൾ ആരവം ഉയർത്തി. ഇനി രാത്രി പൂരത്തിന് ആയുള്ള കാത്തിരിപ്പാണ്. വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്.
ആരവത്തിലും പകിട്ടിലും അല്പം കുറവെങ്കിലും പൂരം ചടങ്ങുകൾക്ക് ഒരു മാറ്റവും ഇല്ലാതെ ഇത്തവണയും തൃശ്ശൂർ പൂരം പൂരപ്രേമികളുടെ മനം കവർന്നു. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്.വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുംനാഥനിലെത്തി. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. പൂര പ്രേമികൾ കാത്തിരുന്ന ചെമ്പുക്കാവിന്‍റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. കിഴക്കേ നട വഴി വടക്കുംനാഥൻ അകത്തു കയറി കയറി തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രാമൻ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന്‍ തിടമ്പേറ്റി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതി നടുവിലാലിൽ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്‍ജുന്‍ ആയിരുന്നു മേളപ്രമാണി.
പിന്നാലെ പൂരത്തിൽ ഘടകപൂരങ്ങളിൽ ഏറ്റവും കൂടുതൽ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. പടുവിൽ രഘുനാഥൻമാരാരുടെ മേളം കലാശിച്ചതിന് പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയിൽ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശ്ശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവിൽ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതിയുടെ ഊഴമായി. ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ പൂരനഗരി അലിഞ്ഞു. ഉച്ചയ്ക്ക് രണ്ടിനാണ് 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. വൈകിട്ട് നാലരയ്ക്കാണ് ഇലഞ്ഞിത്തറ മേളം കൊട്ടിയവസാനിപ്പിച്ചത്. ഇത് നാലാം തവണയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണ്യം വഹിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam