
പത്തനംതിട്ട: ഒരാഴ്ചയായി സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ് തിരുവല്ല എംഎൽഎ മാത്യു ടി. തോമസ്. ബെംഗളരൂവിൽ നിന്നെത്തിയ മകളും കുടുംബവും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നത് കൊണ്ടാണ് എംഎൽഎയ്ക്ക് താമസം മാറ്റേണ്ടി വന്നത്. മൂത്ത മകളും കുടുംബവും വീട്ടിലെത്തുന്നതിന് മുമ്പെ എംഎൽഎ വീട് വിട്ടു. ആദ്യം മൂന്ന് ദിവസം താമസം തിരുവല്ല ഗസ്റ്റ് ഹൗസിലായിരുന്നു. പിന്നെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലേക്ക് മാറി. എഎൽഎ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും തിരുവല്ല ഗസ്റ്റ് ഹൗസിലേക്കെത്തി.
ഇത് ആദ്യമായല്ല മാത്യു ടി തോമസിന് വീട്ടിൽ നിന്ന് അകന്ന് കഴിയുന്നത്. നേരത്തെയും പല ആവശ്യങ്ങളിലായി വീട് വിട്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. താമസം പലയിടങ്ങളിലാണെങ്കിലും പക്ഷേ മണ്ഡലത്തിലെ കാര്യങ്ങൾക്കൊന്നും എംഎല്‍എ കുറവ് വരുത്തിയിട്ടില്ല. പതിവ് പോലെ രാവിലെ ഇറങ്ങും. തത്കാലം കാർ ഉപേഷിച്ച് ബൈക്കിലാണ് യാത്ര. ഇടയ്ക്ക് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വീടിന്റെ ഗെയ്റ്റിലെത്തിക്കും. ഭാര്യ നൽകുന്ന ഭക്ഷണ പൊതിയും വാങ്ങി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. അടുത്ത ശനിയാഴ്ചയാണ് മകളുടേയും കുടുംബത്തിന്റെയും ക്വാറന്റീൻ കലാവധി തീരുന്നത്. അതുവരെ തിരുവല്ല എംഎൽഎയുടെ താമസം സ്വന്തം വീടിന്‍റെ പടിക്ക് പുറത്താണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam