
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിൽ എതിര്‍പ്പ് ശക്തം. യുഡിഎഫ് നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇന്ന് രാത്രി രഹസ്യയോഗം ചേര്‍ന്നത്. രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതോടൊപ്പം പ്രതിഷേധം ശക്തമാക്കികൊണ്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ചുവരെഴുത്തും ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തോടിയാണ് ചുവരെഴുതിയത്. തിരുവനന്തപുരം സീറ്റ് കോണ്‍ഗ്രസിന്‍റേത് എന്നാണ് ചുവരെഴുത്ത്. സീറ്റ് മോഹിക്കുന്നത് ദേശാടന പക്ഷികളാണെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു. ചുവരെഴുതുന്നതിന്‍റെ ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോണ്‍ഗ്രസിൽ നേരത്തെ തന്നെ അതൃപ്തി നിലനിൽക്കുന്നുണ്ട്. സിഎംപിയുടെ സിപി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ രാജി ഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തും അയച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്നാണ് ആവശ്യം. സിപി ജോണിനെ മത്സരിപ്പിച്ചാൽ രാജി ഉറപ്പാണെന്നാണ് മുന്നറിയിപ്പ്. സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. ഘടകകക്ഷി മത്സരിച്ചാൽ അതിന്‍റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും കത്തിൽ പറയുന്നു. സീറ്റ് സിഎംപിക്ക് നൽകരുതെന്ന് 12 മണ്ഡലം പ്രസിഡന്‍റുമാരും ആവശ്യപ്പെട്ടു. കത്ത് അയച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുവരെഴുത്തും രഹസ്യയോഗവുമായി നേതാക്കള്‍ എതിര്‍പ്പ് ശക്തമാക്കുന്നത്.
വിഡി സതീശന്‍റെ പുതുയുഗയാത്രയുടെ പര്യടനം പൂര്‍ത്തിയായി സീറ്റ് വിഭജന ചര്‍ച്ച വീണ്ടും യുഡിഎഫ് ആരംഭിച്ചിരിക്കെയാണ് തിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സിപി ജോണിന് തിരുവനന്തപുരം സെന്‍ട്രലാണോ തിരുവമ്പാടിയാണോയെന്ന് യുഡിഎഫിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം സെന്‍ട്രൽ അടക്കം പരിഗണനയിലിരിക്കെയാണ് സീറ്റ് വിഭജന ചര്‍ച്ചക്കിടെ ഡിസിസി ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുസ്ലീം ലീഗിന് കഴിഞ്ഞ തവണത്തേതു പോലെ 27 സീറ്റെന്നത് നിലവിലെ ധാരണ.
എന്നാൽ, പരസ്പരം വച്ചു മാറുന്ന സീറ്റുകള്‍ ഏതൊക്കെയെന്നതിൽ തീരുമാനമാകണം. തിരുവമ്പാടി നൽകാൻ തയ്യാറുള്ള ലീഗിന് പകരം ഏതു സീറ്റെന്നതിൽ തീരുമാനമായില്ല . പട്ടാമ്പിയാണ് പരിഗണനയിലുള്ളത്. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും വെച്ചുമാറാമെന്ന നിര്‍ദ്ദേശത്തിലും തീരുമാനമെടുക്കണം. മട്ടന്നൂര്‍ വേണ്ടെന്ന പറഞ്ഞ ആര്‍എസ്പി അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് ആവശ്യപ്പെടുന്നുണ്ട്. 3 സീറ്റെങ്കിലും ഏറ്റെടുക്കാനുള്ള നീക്കത്തിന് വഴങ്ങാത്ത കേരള കോണ്‍ഗ്രസിനോടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലേ ഉണ്ടാകു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam