അപരർ പൊല്ലാപ്പായി; 'പേര്' മാറ്റി തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ

By Web TeamFirst Published Nov 29, 2020, 7:53 AM IST
Highlights

തിരുവനന്തപുരം വഞ്ചിയൂരിലാണ് മുന്നണി സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികളിൽ നിന്ന് രക്ഷ നേടാൻ പേര് മാറ്റേണ്ടി വന്നത്.

തിരുവനന്തപുരം: അപരൻമാർ വോട്ട് തട്ടിയെടുക്കുന്നത് കണ്ടിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേര് കൂടി തട്ടിയെടുത്താലോ. തിരുവനന്തപുരം വഞ്ചിയൂരിലാണ് മുന്നണി സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികളിൽ നിന്ന് രക്ഷ നേടാൻ പേര് മാറ്റേണ്ടി വന്നത്.

പേര് മാറ്റിപ്പറയുന്ന തിരക്കിലാണ് വഞ്ചിയൂർ വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി ​ഗായത്രി . ​ഗായത്രി ബാബു മൂന്ന് റൗണ്ട് വോട്ട് ചോദിച്ച ശേഷമാണ് പേര് ഗായത്രി എസ് നായരാക്കിയത്. സാമുദായിക വോട്ട് ലക്ഷ്യം വെച്ചാണ് പേര് മാറ്റമെന്ന് കരുതിയാൽ തെറ്റി. അപരയായി മറ്റൊരു ഗായത്രി കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് പേരു പുതുക്കി നൽകിയത്.

ഇതിലും പൊല്ലപ്പാണ് ബിജെപി സ്ഥാനാർത്ഥിക്ക് നേരിടേണ്ടി വന്നത്. ആദ്യം ജയലക്ഷ്മി എന്ന് വോട്ട് ചോദിക്കേണ്ടി വന്ന സ്ഥാനാർത്ഥിക്ക് ഇപ്പോൾ മകളുടെയും വീടിന്റെയും പേരിൽ വോട്ട് ചോദിക്കേണ്ട അവസ്ഥയാണ്. രണ്ട് ജയലക്ഷ്മി കൂടി അപരരായി വന്നതോടെയാണ് ജയലക്ഷ്മി മാളവികാ ജയലക്ഷ്മിയായത്. എന്നാൽ മൂന്ന് അപരൻമാരുള്ള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പക്ഷെ പേര് മാറ്റേണ്ടി വന്നിട്ടില്ല. 
 

 

click me!