
തിരുവനന്തപുരം: തിരുവനന്തപുരം എസ് എം വി ഗവൺമെന്റ് മോഡൽ സ്കൂൾ മിക്സഡ് സ്കൂൾ ആക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തീരുമാനം അറിയിച്ചത്. ഇതോടെ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം ലഭിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ ഒപ്പുവച്ചതായാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. ഈ അധ്യയന വർഷം മുതൽ തന്നെ പെൺകുട്ടികളെ പ്രവേശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്
തിരുവനന്തപുരം എസ് എം വി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. ഈ അധ്യയന വർഷം മുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തി എന്നതാണ് മറ്റൊരു വാർത്ത. എൻ ഐ ആർ എഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയമാണ് മഹാരാജാസ് കോളേജെന്നും അതിന്റെ സത്പേരിന് കളങ്കം വരരുതെന്നും മന്ത്രി പറഞ്ഞു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ലെന്നും സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നതെന്നും ബിന്ദു അഭിപ്രായപ്പെട്ടു. ആർഷോയുടെ പേര് എങ്ങിനെ ജൂനിയർ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പരിശോധിക്കണം. അയാൾക്ക് പങ്കില്ലാത്ത കാര്യത്തിൽ അയാളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ട; വിദ്യ ചെയ്തത് അപരാധം, ശക്തമായി അപലപിക്കുന്നു: മന്ത്രി ബിന്ദു