
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം മറികടന്ന് പൊതുപരിപാടി സംഘടിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും നെയ്യാറ്റിൻകര എംഎൽഎക്കുമെതിരെ നടപടിയെടുക്കാതെ പൊലീസ്. പാറശ്ശാല പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുൻ എംഎൽഎ ശെൽവരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് ചെങ്കൽ കാരിയോട് നൂറിലേറെ ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന ചടങ്ങായിരുന്നു ഇത്. ജില്ലാ സെക്രട്ടറിക്ക് പുറമേ നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലനും പരിപാടിയിൽ പങ്കെടുത്തിരുന്നു. പാറശ്ശാല പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് കെ ശെൽവരാജ് പരാതി നൽകിയത്. നാല് ദിവസമായിട്ടും കേസെടുക്കാത്ത പൊലീസ് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നതിൽ കൃത്യമായ വിശദീകരണം നൽകുന്നുമില്ല
പാപ്പനംകോട് ദർശന ഓഡിറ്റോറിത്തിലും ആനാവൂരിന്റെയും വി ശിവൻകുട്ടിയുടേയും നേതൃത്വത്തിൽ സമാനമായ സമ്മേളനം നടന്നിരുന്നു. അൻപതിലേറ പേർ ഈ പരിപാടിയിൽ പങ്കെടുത്തു. പീഡന, മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന പാപ്പനംകോട് സ്വദേശി സുരേഷും പാർട്ടി അംഗത്വം സ്വീകരിക്കാൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിൽ പരാതി കിട്ടാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് പൊലീസ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam