ആഘോഷപ്പുലരി, പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

By Web TeamFirst Published Aug 29, 2023, 6:29 AM IST
Highlights

കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. എല്ലാവർക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണാശംസകൾ 

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. 

തിരുവോണ ദിനത്തിൽ കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നടന്നു. രാവിലെ ഏഴരക്കാണ് മഹാബലി എതിരേൽപ്പ് ചടങ്ങ് ആരംഭിച്ചത്. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് വിശ്വാസം. 

സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ; ആശംസിച്ച് രാഷ്ട്രപതി

asianet news

ലോകമെമ്പാടുമുളള മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൌപതി മുർമ്മുവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നേതാക്കൾ ഓണാശംസകൾ നേർന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. 

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി ഓണ സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. 

ഐശ്വര്യ - വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്.  സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നുവെന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി തന്റെ ഓണാശംസ സന്ദേശത്തിൽ പറഞ്ഞു. 

click me!