
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽമേൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം. സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് സതീശൻ ചോദിച്ചു.
ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും?അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ. വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച അനുവദിക്കാതിരുന്ന സർക്കാർ തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് കെകെ രമയും കുറ്റപ്പെടുത്തി. കേരളത്തിലെ സ്ത്രീ സമൂഹത്തെ പച്ചയായി പറ്റിക്കുകയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ സർക്കാർ ചെയ്തത്.ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു സ്റ്റഡി റിപ്പോർട്ട് മാത്രമാണ് നിയമ സാധുതയില്ലെന്നും രമ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാറിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. എന്തുകൊണ്ട് ഇത് കമ്മിറ്റിയാക്കി. ഹേമ കമ്മീഷൻ ആയിരുന്നു വേണ്ടതെന്നും മുനീർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam