
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായിരുന്നു. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് ഏഴ് മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.
അതിനിടെ ഹണിറോസിന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam