തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകം: ഇളയസഹോദരനെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു

By Web TeamFirst Published Jun 18, 2019, 11:10 AM IST
Highlights

ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടി തിരുവനന്തപുരത്തെ വീട്ടിൽ സന്തോഷവാനല്ലെന്ന അമ്മൂമ്മയുടെ വാദം  തള്ളിയാണ് സിഡബ്ല്യുസി തീരുമാനം.

ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയ സഹോദരനെ രണ്ട് മാസത്തേക്ക് കൂടി അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടി തിരുവനന്തപുരത്തെ വീട്ടിൽ സന്തോഷവാനല്ലെന്ന അമ്മൂമ്മയുടെ വാദം  തള്ളിയാണ് സിഡബ്ല്യുസി തീരുമാനം.

ഏഴ് വയസുകാരന്‍റെ കുഞ്ഞനിയനായ നാല് വയസുകാരന് രണ്ട് മാസം കൂടി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയാം. കുട്ടിയെ തിരുവനന്തപുരത്തെ നഴ്സറിയിൽ ചേർത്തത് പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം. കുട്ടിയെ അച്ഛന്‍റെ ബന്ധുക്കൾക്ക് കൈമാറരുതെന്ന അമ്മൂമ്മയുടെ അപേക്ഷ ശിശുക്ഷേമ സമിതി വിശദമായി പരിശോധിച്ചു. നേരത്തെ കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് അമ്മൂമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മെയ് 31ന് കുട്ടിയെ തൊടുപുഴ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കണമെന്ന നിർദ്ദേശം മുത്തച്ഛൻ പാലിക്കാതിരുന്നതിനെ തുടർന്നാണ് അമ്മൂമ്മ ഹൈക്കോടതിയിൽ പോയത്. തുടർന്ന് കുട്ടിയുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി സിഡബ്ല്യുസിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.

അമ്മൂമ്മയ്ക്ക് മാസത്തിൽ ഒരു ദിവസം തിരുവനന്തപുരം സിഡബ്ല്യുസി ഓഫീസിലെത്തി കുട്ടിയെ കാണാം. തിരുവനന്തപുരത്തെ വീട്ടിലെ ഫോണിലൂടെ കുട്ടിയുമായി സംസാരിക്കാം. കുട്ടിയുടെ മാനസികവും ആരോഗ്യപരവുമായ കാര്യങ്ങൾ നിരീക്ഷിക്കാൻ തിരുവനന്തപുരം സിഡബ്ല്യുസിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന്‍റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയുടെ സഹോദരനായ ഏഴ് വയസുകാരൻ രണ്ട് മാസം മുമ്പാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ കുട്ടിയുടെ അമ്മ നിലവിൽ ജാമ്യത്തിലാണ്.

click me!